കൽപറ്റ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ ജില്ലയിൽ എത്തി. കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിൽ നിന്ന് 9590 ഡോസ് കോവിഡ് 19 വാക്സിൻ (കോവിഷീൽഡ്) വ്യാഴാഴ്ച പകൽ മൂന്നോടെയാണ് ജില്ലാ വാക്സിൻ സ്റ്റോറിൽ എത്തിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക, ആർ സിഎച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്, എംസിഎച് ഓഫീസർ ജോളി ജെയിംസ്, ജില്ലാ പബ്ലിക് ഹെൽത്ത് നേഴ്സ് സൗമിനി എന്നിവർ ചേർന്ന് വാക്സിൻ ഏറ്റുവാങ്ങി.
ശനിയാഴ്ച മുതൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 9 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടത്തും. ജില്ലാ ആശുപത്രി മാനന്തവാടി, താലൂക്ക് ആശുപത്രി ബത്തേരി, വൈത്തിരി, കുടുംബാരോഗ്യ കേന്ദ്രം അപ്പപ്പാറ,പ്രാഥമികാരോഗ്യകേന്ദ്രം കുറുക്കൻമൂല, സാമൂഹിക ആരോഗ്യ കേന്ദ്രം പുൽപ്പള്ളി, പ്രാഥമികാരോഗ്യകേന്ദ്രം വരദൂർ, കുടുംബാരോഗ്യ കേന്ദ്രം പൊഴുതന എന്നീ സർക്കാർ സ്ഥാപനങ്ങളും മേപ്പാടി വിംസ് സ്വകാര്യ മെഡിക്കൽ കോളേജുമാണ് വിതരണ കേന്ദ്രങ്ങൾ. 12010 പേരാണ് ഇതുവരെ ജില്ലയിൽ വാക്സിനേഷന് രജിസ്റ്റർ ചെയ്തത്.
ആദ്യഘട്ടത്തിൽ സർക്കാർ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കാണ് കുത്തിവെപ്പ് നൽകുന്നത്. രണ്ടാംഘട്ടത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻനിരയിൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്കും മുന്നാംഘട്ടത്തിൽ 50 വയസിനു മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകും. ഒരു ദിവസം ഒരു കേന്ദ്രത്തിൽ 100 പേർക്കാണ് കുത്തിവെപ്പ് നൽകുന്നത്. വാക്സിൻ എത്തിയത് ആശ്വാസകരമാണെന്നും അടുത്ത ദിവസം തന്നെ വിതരണ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിക്കുമെന്നും ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ പറഞ്ഞു.
ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലും വാക്സിൻ വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും വാക്സിൻ എടുക്കാൻ വരുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവരണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..