04 July Saturday

- അധ്യാപക പരിശീലനം തുടങ്ങി വിദ്യാർഥികളെ കാക്കാൻ "ആർദ്ര വിദ്യാലയം’

സ്വന്തം ലേഖകൻUpdated: Wednesday Jan 15, 2020
കൽപ്പറ്റ
സുരക്ഷാപ്രശ്‌നങ്ങളിൽ വൈകാരിക തലങ്ങൾക്കപ്പുറത്ത്‌ പ്രൊഫഷണൽ സമീപനത്തിലേക്ക്‌ അധ്യാപകരെ നയിച്ച്‌ ഡിസ്‌ട്രിക്ട്‌ മാസ്‌റ്റേഴ്‌സ്‌ പരിശീലനത്തിന്‌ തുടക്കം. ബത്തേരിയിൽ വിദ്യാർഥിനി പാമ്പ്‌ കടിയേറ്റ്‌ മരിച്ച പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച  ‘ആർദ്രവിദ്യാലയം’ പദ്ധതിയുടെ ഭാഗമായാണ്‌ പരിശീലനം.  സ്‌കൂളിന്റെ സ്ഥാനം, സ്‌കൂളിന്റെ നടത്തിപ്പ്‌, പ്രവർത്തനങ്ങൾ,  അടിയന്തര സംവിധാനങ്ങൾ എന്നിവക്കെല്ലാം  സ്‌കൂൾ സുരക്ഷയിലുള്ള പങ്ക്‌ ബോധ്യപെടുത്തുന്നതായിരുന്നു പരിശീലനം.  ആരോഗ്യകേരളം വയനാട്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്ന പദ്ധതിക്ക്‌ യുഎൻഇപി  ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി നേതൃത്വം നൽകി.  
       സ്‌കൂൾ സേഫ്റ്റി, ബേസിക് കാർഡിയാക് ലൈഫ് സപ്പോർട്ട്, ഫസ്റ്റ് എയ്ഡ് എന്നിവയിൽ മൂന്ന്‌ ദിവസം പരിശീലനം നൽകും. മാസ്‌റ്ർ ട്രെയിനർമാർക്കുള്ള പരിശീലനം പൂർത്തിയാക്കിയശേഷമാണ്‌ ജില്ലാ മാസ്‌റ്റേഴ്‌സ്‌ ട്രെിയിനിങിലേക്ക്‌ കടന്നത്‌. എറണാകുളം ആസ്ഥാനമായ ഹെൽപ് ഫോർ ഹെൽപ്‌ലെസ് മാസ്റ്റർ ട്രെയിനർമാരും  പരിശീലനവുമായി സഹകരിക്കുന്നുണ്ട്‌. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷാ നിലവാരം വിലയിരുത്തി അപകടസാധ്യതകൾ പരിഹരിക്കാൻ അധ്യാപകരെ പ്രാപ്തരാക്കും വിധമാണ് പരിപാടിയുടെ ക്രമീകരണം. പരിപാടിയുടെ ഭാഗമായി സ്‌കൂളുകളിലും സന്ദർശനം നടത്തുന്നുണ്ട്‌. ബത്തേരി സർവജന സ്‌കൂളിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ്‌ മരിച്ച സംഭവത്തിന്റെ പശചാത്തലത്തിൽ കൂടിയാണ്‌ ആരോഗ്യകേരളം വയനാട്ടിൽ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. മുന്നൂറോളം അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്‌. വ്യാഴാഴ്‌ചവരെയാണ്‌ പരിശീലനം. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ  സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആര്‍ രേണുക, ഡിഡിഇ ഇബ്രാഹിം തോണിക്കര, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി  അഭിലാഷ്, ഡോ. മനു പി വിശ്വം, ഡോ. കെ ജി ജയന്‍, ജോസഫ് പടയാട്ടി, കെ ജി അനില്‍കുമാര്‍, എം കെ ശശി, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. 

 

പ്രധാന വാർത്തകൾ
 Top