17 February Sunday

കുളമ്പ് രോഗം പ്രതിരോധം ഊർജിതമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

 

കൽപ്പറ്റ
അയൽ സംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരുന്ന ഉരുക്കളിൽ കുളമ്പുരോഗ ലക്ഷണങ്ങൾ കണ്ടതോടെ ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ നടപടികൾ ഊർജതമാക്കി. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പുമായി കർഷകർ സഹകരിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. അന്യ സംസ്ഥാനത്തിൽനിന്നും  രോഗലക്ഷണം പ്രകടമാക്കുന്ന ഉരുക്കളെ കേരളത്തിലേക്ക് കൊണ്ടുവരരുത്. അവശനിലയിലുള്ള മൃഗങ്ങളിൽ കുളമ്പുരോഗം, കുരലടപ്പൻ രോഗം എന്നിവ വരാൻ സാധ്യതയേറെയാണ്. ഇക്കാര്യത്തിൽ ക്ഷീര കർഷകർ ജാഗ്രത പുലർത്തണം.  രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയിൽ കുളമ്പുരോഗം പടർന്നുപിടിക്കാൻ സാധ്യതയേറെയാണ്. വനവുമായി ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ ഉരുക്കളെ നിർബന്ധമായും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കുന്നതിന് വനംവകുപ്പിന്റെ സഹായം വേണം. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ച് ഉരുക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകും. 
കന്നുകാലികൾ, പന്നി എന്നിവയെയാണ് കുത്തിവയ്പിന് വിധേയമാക്കേണ്ടത്. നാലു മാസത്തിനു മുകളിൽ പ്രായമുള്ള ഉരുക്കളെയെല്ലാം നിർബന്ധമായി കുത്തിവയ്പിന് വിധേയമാണം. ആരോഗ്യമില്ലാത്തവയും പൂർണ ഗർഭിണികളുമായ ഉരുക്കളെ കുത്തിവയ്പിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൃഗമൊന്നിന് 10 രൂപ നിരക്കിൽ കർഷകരിൽനിന്ന് ഈടാക്കും. പട്ടികവർഗ വിഭാഗത്തിന് സൗജന്യമാണ്. ജില്ലയിൽ ആകെ 72,677 കന്നുകാലികൾ, 5,166 പോത്തുകൾ, 3,577 പന്നികൾ എന്നിവയെയാണ് കുത്തിവയ്പിന് വിധേയമാക്കേണ്ടത്. ഇതിൽ കഴിഞ്ഞ വർഷം 65 ശതമാനം ഉരുക്കളെ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കിയിരുന്നു. 
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് 25–-ാം ഘട്ടം ജില്ലാതല ഉദ്ഘാടനം കാവുംമന്ദത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിർവഹിച്ചു. പ്രദേശവാസിയായ ജോസ് കുര്യന്റെ കന്നുകാലി ഫാമിൽ നടന്ന ചടങ്ങിൽ തരിയോട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് എം ടി ജോണി അധ്യക്ഷനായി. മാരകമായ കുളമ്പുരോഗം ക്ഷീരകർഷകർക്കുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ചും പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. മീര മോഹൻദാസ് വിശദീകരിച്ചു. ഡോ. വിന്നി ജോസഫ്,  ഡോ. മുഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു. കുളമ്പ് രോഗ പ്രതിരോധ കുത്തിവയ‌്പ് പുൽപ്പള്ളി പഞ്ചായത്തിൽ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ്  ഉദ‌്ഘാടനം ചെയ‌്തു. സജി തളിക്കപ്പറമ്പിന്റെ ഫാമിൻ നടന്ന ചടങ്ങിൽ വാർഡംഗം എം ടി കരുണാകരൻ അധ്യക്ഷനായി. വെറ്ററിനറി സർജൻ ഡോ. കെ.എസ് രാഘവൻ, സുനിതാ റോഷൻ, പുൽപ്പള്ളി ക്ഷീരസംഘം പ്രസിഡന്റ് ബിജു നമ്പിക്കെല്ലി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top