23 January Wednesday

കാലവർഷക്കെടുതി ജില്ലയിൽ 2391.43 കോടി രൂപയുടെ നഷ്ടം ലോകബാങ്ക് പ്രതിനിധികൾക്ക്‌ കണക്കുകൾ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018
 കൽപ്പറ്റ
പ്രളയത്തിലും ഉരുൾപൊട്ടലിലും ജില്ലയിൽ 2391.43 കോടി രൂപയുടെ നഷ്ടമുണ്ടായതായി കാലവർഷക്കെടുതികൾ കാണാനെത്തിയ ലോക ബാങ്ക് പ്രതിനിധി സംഘത്തെ ജില്ലാ ഭരണകൂടം അറിയിച്ചു.  കലക്ടറേറ്റ് ഹാളിൽ ജില്ലാ കലക്ടർ എ ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘത്തിന് മുമ്പാകെ കെടുതികളുടെ ദൃശ്യങ്ങളുൾപ്പെടെയുള്ള വിശദമായ പ്രസന്റേഷൻ നടന്നു.  വയനാടിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ജില്ലാ ടൗൺ പ്ലാനിങ് വിഭാഗവും വി ഫോർ വയനാട് പ്രതിനിധികളും  പ്രത്യേക പ്രസന്റേഷനുകളും ഇവർക്ക് മുമ്പാകെ  നടത്തി. ലോകബാങ്ക് സംഘം പിന്നീട് ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ഓരോ മേഖലയിലുമുണ്ടായ നഷ്ടങ്ങൾ സംബന്ധിച്ച് ചോദിച്ചറിയുകയും സംശയ ദുരീകരണം നടത്തുകയും ചെയ്തു.  തുടർന്ന് സംഘം നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. 
ലോക ബാങ്കിന്റെ ദുരന്താഘാത മാനേജ്മെന്റ് വിദഗ്ധൻമാരായ അനൂപ് കാരന്ത്, ഹേമങ് കരേലിയ, സോഷ്യൽ ഡവലപ്മെന്റ് കൺസൽട്ടന്റ് വെങ്കടറാവു ബയേണ, പരിസ്ഥിതി വിദഗ്ധൻ എസ് വൈദീശ്വരൻ, ഹൈവേ എൻജിനീയറിങ് കൺസൽട്ടന്റ് സതീഷ് സാഗർ ശർമ, നഗരാസൂത്രണ വിദഗ്ധൻ ഉറി റയിക്ക്, ജലവിഭവ വിദഗ്ധൻ ഡോ. മഹേഷ് പട്ടേൽ, ജലവിതരണ ശുചിത്വ സ്പെഷ്യലിസ്റ്റ് ശ്രീനിവാസ റാവു പൊടിപ്പി റെഡ്ഡി എന്നിവരാണ് ലോക ബാങ്ക് സംഘത്തിലുണ്ടായിരുന്നത്. 
        ചർച്ചകളിൽ പങ്കെടുത്ത് ജില്ലാ പ്ലാനിംഗ് ഓഫീസർ കെ എം സുരേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി യു ദാസ്, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ഷാജി അലക്സാണ്ടർ, എഡിസി ജനറൽ പി സി മജീദ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിന്നി ജോസഫ്, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സിബി മാത്യു, നോർത്ത് വയനാട് ഡിഎഫ്ഒ ആർ കീർത്തി, സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത് കുമാർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. പ്രളയവും ഉരുൾപൊട്ടലും നാശം വിതച്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലോക ബാങ്ക് പ്രതിനിധികൾ സന്ദർശിച്ചു. പ്രദേശവാസികളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു.
നഷ്ടങ്ങൾ ഇങ്ങനെ
ഭവനം 13206 ലക്ഷം, പൊതുകെട്ടിടങ്ങൾ 1355.83 ലക്ഷം, റോഡുകളും പാലങ്ങളും 91983.05 ലക്ഷം റോഡുകൾ, ഓടകൾ, മലിന നിർമാർജന സംവിധാനങ്ങൾ 177 ലക്ഷം, ഗ്രാമീണ അടിസ്ഥാനോപാധികൾ 379.95 ലക്ഷം, ജലസേചനം ഉൾപ്പെടെയുള്ള ജലവിഭവ സംവിധാനങ്ങൾ  1898.20 ലക്ഷം, മത്സ്യബന്ധനം‐ടൂറിസം‐ചെറുകിട സംരംഭങ്ങൾ തുടങ്ങിയ ജീവിതോപാധികൾ 1321.02 ലക്ഷം, കൃഷിയും ജന്തുവിഭവങ്ങളും 1,03,882 ലക്ഷം, ഊർജ്ജം 256.33 ലക്ഷം, പരിസ്ഥിതിയും ജൈവവൈവിധ്യവും 620.31 ലക്ഷം, മറ്റുള്ളവ 24063.30 ലക്ഷം.
 

 

പ്രധാന വാർത്തകൾ
 Top