24 October Thursday

വിളി കേട്ടില്ലല്ലോ അമ്മേ...

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2019
മേപ്പാടി
ഉരുളിന്‌ മുമ്പിൽനിന്നും ലിന്റോ  അമ്മയെ കരഞ്ഞുവിളിച്ചു. പുത്തുമലയിലെ  പാടിയിലേക്ക്‌ ഓടിയെത്തി അലമുറയിട്ടിട്ടും ഈ എട്ടാം ക്ലാസുകാരന്റെ നിലവിളി അമ്മ ഷൈല കേട്ടില്ല. പിന്നെയും ഏങ്ങലടിച്ചുനിന്ന ലിന്റോയെ ആരോ വലിച്ചുകൊണ്ടോടി. ‘അമ്മയില്ലാതെ ഞാൻ വരില്ലെന്ന’ ഈ പതിമൂന്നൂകാരന്റെ രോദനത്തിനും മുകളിലൂടെ മലവെള്ളം കടന്നുപോയി. കണ്ണടച്ചുതുറക്കുമ്പോഴേക്കും അവന്റെ പ്രിയപ്പെട്ട അമ്മയേയും ഉരുളെടുത്തു.
 ഷൈലക്കായി കഴിഞ്ഞ അഞ്ച്‌ദിവസമായി തെരച്ചിൽ നടത്തുകയാണ്‌. ലിന്റോയും പിതാവ്‌ ലോറൻസും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ വിങ്ങുന്ന മനസ്സോടെ കാത്തിരിക്കുകയാണ്‌. ഇനി അമ്മവരില്ലെന്ന്‌ ഇവനറിയാമെങ്കിലും മനസിനെ സമ്മതിപ്പിക്കാനായിട്ടില്ല. പുത്തുമലയിൽ മണ്ണിടിച്ചിൽ ഭീഷണി ഉണ്ടെന്നറിഞ്ഞ്‌ താമസിക്കുന്ന പാടിയിൽനിന്നും  മാറാനുള്ള ഒരുക്കത്തിലായിരുന്നു ഷൈല.  മകനേയും ഒപ്പമുണ്ടായിരുന്ന തന്റെ അമ്മയേയും അടുത്ത പാടിയിലാക്കി  ആധാർകാർഡ്‌ എടുക്കനായി സ്വന്തം പാടിയിലേക്ക്‌ പോയതായിരുന്നു.  അപ്പോഴാണ്‌ ദുരന്തം ഇരച്ചെത്തിയത്‌. പുത്തുമലക്ക്‌ മുകളിൽ പച്ചക്കാടുനിന്നും മലവെള്ളത്തിന്റെ ഇരമ്പൽകേട്ടാണ്‌ ലിന്റോ അമ്മയെ വിളിച്ചോടിയത്‌. ‘ആ വിളി കേട്ടിരുനെങ്കിൽ ഇവന്റെ അമ്മ അടുത്തുണ്ടാകുമായിരുന്നെന്ന്‌ കണ്ണീർ തുടച്ച്‌ ലോറൻസ്‌ പറഞ്ഞു. കുടുംബത്തിന്‌ മാറിതാമസിക്കാനുള്ള വീടിന്റെ താക്കോൽ വാങ്ങാനായി പോയിരുന്നതിനാലാണ്‌ ലോറൻസ്‌ ഉരുൾപ്പൊട്ടലിൽനിന്നും രക്ഷപ്പെട്ടത്‌. ദുരിതാശ്വാസ ക്യാമ്പിൽ ഏവരുടെയും ചങ്കുലക്കുകയാണ്‌ ഈ അച്ഛനും മകനും.
പ്രധാന വാർത്തകൾ
 Top