പടിഞ്ഞാറത്തറ
എൽഡിഎഫ് നേതൃത്വത്തിൽ കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി നടത്തുന്ന ജനക്ഷേമകരമായ ഭരണത്തെ അട്ടിമറിച്ചത് രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെയാണെന്ന് എൽഡിഎഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. എൽഡിഎഫിന്റെ ജനകീയ ഭരണത്തിൽ വിറളി പൂണ്ടാണ് അട്ടിമറിക്കുന്നതിന് യുഡിഎഫ് നേതൃത്വം നൽകിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പതിനാറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ചു നസീമ പൊന്നാണ്ടിയെ പിന്തുണച്ചത് വിജയിച്ചാൽ എൽഡിഎഫുമായി സഹകരിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ നസീമ പൊന്നാണ്ടിക്ക് പണവും മറ്റു വാഗ്ദാനങ്ങളും നൽകിയാണ് ഭരണത്തെ അട്ടിമറിച്ചത്. പാർട്ടിവിരുദ്ധ സമീപനം സ്വീകരിച്ച എം വി നൗഷാദിനെ സിപിഐ എമ്മിൽനിന്നും പുറത്താക്കിയിരുന്നു .കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പതിനൊന്നാം വാർഡിൽ കോൺഗ്രസ്സിന്റെ സ്ഥാനാർഥിയെ പരാജയപെടുത്തിയ എം വി നൗഷാദിനെയും പതിനാറാം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പരാചയപ്പെടുത്തിയ നസീമ പൊന്നാണ്ടിയേയും കൂട്ടുപിടിച്ചു ഭരണത്തിലേറാൻ ശ്രമിക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വോട്ട് വാങ്ങി വിജയിച്ച വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടിയും എം വി നൗഷാദും തൽസ്ഥാനം രാജിവെച്ചു ജനവിധി തേടണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി. യോഗത്തിൽ സി രാജീവൻ അഭധ്യക്ഷനായി. കെ രവീന്ദ്രൻ, കെ സി ജോസഫ്, കെ എം രാഘവൻ, കെ ടി ബാലകൃഷണൻ തുടങ്ങിയവർ സംസാരിച്ചു.