22 October Tuesday

നഗര സൗന്ദര്യവൽക്കരണം: സർവേ തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Jun 14, 2019

നഗരനവീകരണത്തിന്റെ ഭാഗമായി റവന്യുഅധികൃതർ കൽപ്പറ്റയിൽ സർവേ നടത്തുന്നു

കൽപ്പറ്റ
കൽപ്പറ്റ ടൗൺ നവീകരണത്തിന്റെ ഭാഗമായുള്ള സർവെ നടപടികൾ തുടങ്ങി. നഗരത്തിന്റെ മുഖച്ഛായമാറ്റുന്ന പ്രവൃത്തികൾക്കാണ‌് നഗരസഭ തുടക്കം എന്ന നിലക്കാണ‌് സർവേ നടപടികൾ. കൽപ്പറ്റ പൊലിസ് സ്റ്റേഷൻ പരിസരം മുതൽ നഗരസഭാ ഓഫിസ് വരെയാണ‌് ആദ്യഘട്ടം നവീകരണം. ഓവുചാൽ നിർമാണം, ഫുട്പാത്ത്, ഇന്റർലോക്ക്, കൈവരി സ്ഥാപിക്കൽ എന്നിവയാണ് ആദ്യഘട്ടം.  നഗരസഭയുടെയും നാഷണൽ ഹൈവെ അതോറിറ്റിയുടെയും രണ്ടുകോടി രൂപ വീതവും എംഎൽഎ ഫണ്ടായ ഒരു കോടി രൂപയുമാണ‌് ഇതിനായി ചെലവഴിക്കുന്നത‌്. വ്യാഴാഴ‌്ച ദേശീയപാത അതോറിറ്റി സർവെ വിഭാഗവും താലൂക്ക‌് സർവെ വിഭാഗവും ടൗണിൽ അളവെടുപ്പിന‌് തുടക്കമിട്ടു. . ബൈപ്പാസ‌് ട്രാഫിക‌് ജങ‌്ഷനിലെ അയ്യപ്പക്ഷേത്ര പരിസരത്തുനിന്നാണ‌് അളവെടുപ്പ‌് തുടങ്ങിയത‌്. ഇരുവശവുമുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തിയ ശേഷം  റോഡിന‌് അനുവദിക്കപ്പെട്ട സ്ഥലത്ത‌് ഏതെങ്കിലും രീതിയിൽ കൈയ്യേറ്റം നടന്നിട്ടുണ്ടോ എന്നത‌് കണ്ടെത്തും.  ഇവ ഒഴിപ്പിക്കാൻ അധികൃതർ നോട്ടിസ‌് നൽകി തുടർനടപടികൾ സ്വീകരിക്കും. സർവെ നടപടികൾ മൂന്ന‌് ദിവസങ്ങൾക്കകം പൂർത്തിയാക്കും. കഴിഞ്ഞ കുറെ വർഷങ്ങളയായി ടൗണിലെ പ്രധാന നടപ്പാതകളെല്ലാം തകർന്ന നിലയിലാണ‌്. കാൽനടയാത്രക്കാർക്ക‌് നടപ്പാത ഉപയോഗിക്കാൻ പറ്റാത്തരീതിയിൽ പല ഭാഗത്തും നടപ്പാതകൾ പോലും അനധികൃതമായി ഉപയോഗിക്കപ്പെടുന്നുമുണ്ട‌്. ഓവുചാലുകളും ഉപയോഗശൂന്യമാണ‌്. മഴക്കാലത്താണ‌് ഏറെ ദുരിതം.  ഇവയെല്ലാം പരിഹരിക്കുന്നതിന്റെ ഭാഗമായണ‌് ടൗൺ നവീകരണം.    ദേശീയപാത എ ഇ കെ ഹീര, താലൂക്ക‌് സർവയർമാരായ സി ഇർഷാദ‌്, സജീഷ‌്, കെ ടി ജിൻസൺ എന്നിവർ സർവെക്ക‌് നേതൃത്വം നൽകി.  സർവെ പൂർത്തിയാക്കിയശേഷം എത്രയും പെട്ടെന്ന‌് നവീകരണപ്രവൃത്തികൾ ആരംഭിക്കുമെന്ന‌് നഗരസഭ കൗൺസിലർ വി ഹാരിസ‌് പറഞ്ഞു. കാലവർഷം തടസ്സമാകുന്നില്ലെങ്കിൽ മുന്ന‌് മാസത്തിനകം നവീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാൻ കഴിയും. 
പ്രധാന വാർത്തകൾ
 Top