24 June Monday

കാൽപന്തിന്റെ ഉത്സവലഹരിയിൽ വയനാട്

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ലോകകപ്പിന്റെ വരവറിയിച്ച് കൽപ്പറ്റയിൽ നടന്ന വിളംബരറാലി കലക്ടർ എ ആര്‍ അജയകുമാര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നു

 കൽപ്പറ്റ

കാലവർഷം തിമിർത്തുപെയ്യുമ്പോഴും ഫുട്ബോൾ വസന്തം പൂത്തുലച്ച് ജില്ലയും ലോകകപ്പിനെ പുണർന്നു. ഗ്രാമ നഗരങ്ങളെയെല്ലാം കാൽപന്തിന്റെ ഉത്സവലഹരിയിൽ അലിയിച്ച് വർണാഭമായ ഘോഷയാത്രയും വിളംബരറാലികളും നടത്തിയാണ് റഷ്യൻ ലോകകപ്പിനെ ജില്ല വരവേറ്റത്. ഇനിയുള്ള ഒരുമാസം വയനാടൻ ജനതയുടെ കണ്ണും മനസ്സുമെല്ലാം റഷ്യയിലെ ഒരു പന്തിന് സ്വന്തം. 
ക്രിസ്റ്റ്യാനോ റൊണാൺഡോയെയും നെയ്മറിനെയും ലയണൽ മെസിയെയുമെല്ലാം നെഞ്ചേറ്റുന്ന ഫുട്ബോൾപ്രേമികളുടെ ആവേശം അക്ഷരാർഥത്തിൽ ജില്ലയുടെ മനസ്സിനെ കീഴടക്കുകയായിരുന്നു. റോഡുകളിൽ പന്ത് തട്ടിയും ഇഷ്ടതാരങ്ങളുടെ നമ്പർ ജഴ്സിയണിഞ്ഞും പതാകകളേന്തിയും പ്രധാനവീഥികളിലെല്ലാം കയ്യടക്കി ഫുട്ബോൾ ആരാധകർ ലോകകപ്പിന്റെ വരവറിയിച്ചു.  ബ്രസീലിന്റെയും അർജന്റീനയുടെയും സ്പെയിനിന്റെയും ജർമനിയുടെയുമെല്ലാം പതാകകൾ പാറിച്ചും  കൂറ്റൻ കട്ടൗട്ടുകൾ വാനിലുയർത്തിയും കാൽപന്ത്പ്രണയികൾ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇരുചക്രവാഹനങ്ങളിൽ റോഡ്ഷോ നടത്തി. കലിതുള്ളിവന്ന കാലവർഷം കാൽപന്തുകളിക്കാരുടെ ഈ പ്രതിരോധത്തിൽ നിഷ്പ്രഭമായി. 
വായനശാലകളും ക്ലബുകളും കായികമാമാങ്കത്തെ എതിരേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പൊതുഇടങ്ങളിൽ കൂട്ടമായിരുന്ന് തൽസമയം കളികൾ കാണാൻ പ്രത്യേക സൗകര്യങ്ങളാണ് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ളത്. ബിഗ് സ്ക്രീനുകളാണ് കളികാണാൻ ഒരുക്കിയിട്ടുള്ളത്. 
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ റഷ്യൻ ലോകകപ്പിന്റെ വരവറിയിച്ച് കൽപ്പറ്റയിൽ റോഡ്ഷോ നടത്തി.  കൽപ്പറ്റ നഗരസഭയുടെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും യുവജനക്ഷേമ ബോർഡിന്റെയും എഫ് സി കൽപ്പറ്റയുടേയും സഹകരണത്തോടെ നടത്തിയ   റോഡ് ഷോ കലക്ടർ എ ആർ അജയ കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. 
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ റഫീഖ്, നഗരസഭ ചെയർപേഴ്സൺ സനിതാ ജഗദീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ എൻ സി സാജിദ്, എഡി ജോൺ, കെ പി വിജയ്, ഷഫീഖ് ഹസ്സൻ മടത്തിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി. കായികതാരങ്ങൾ, സ്പോർട്സ് ഹോസ്റ്റൽ വിദ്യാർഥികൾ എന്നിവർ   പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ലോകപ്പ് ഫുട്ബോളിന്റെ ഓർമ പങ്കുവെച്ച്  ഓർമ മരങ്ങളുടെ വിതരണം നടത്തി. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ ഐഎസ്എൽ ഫുട്ബോൾതാരം സുഷാന്ത് മാത്യുവിന് മരം നൽകി പരിപാടിക്ക് തുടക്കമിട്ടു. 
വെള്ളമുണ്ടയിൽ 
വിളംബര ജാഥ
ലോകകപ്പ് ഫുട്ബോളിന് സ്വാഗതമോതി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തി. സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്തു 
 
പ്രധാന വാർത്തകൾ
 Top