24 May Tuesday

എന്റെ കേരളം 
മെഗാമേള സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

പരിപാടി കാണാനെത്തിയ നിറഞ്ഞ സദസ്സ്

കൽപ്പറ്റ
ജില്ലയിൽ ഒരാഴ്‌ച ആഘോഷ രാപകലുകൾ സമ്മാനിച്ച "എന്റെ കേരളം' മെഗാ മേളയ്‌ക്ക്‌ സമാപനം. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിൽ ഒരുക്കിയ പ്രദർശന വിൽപ്പന മേള നവ്യാനുഭവമായി‌. വിനോദവും വിജ്‌ഞാനവും പകർന്ന്‌ വിവിധ വകുപ്പുകളുടെ സേവനങ്ങൾ വിവരിച്ചും നടത്തിയ മേള വയനാട്ടുകാർക്ക്‌ പുത്തൻ അനുഭവമായി. 180 സ്റ്റാളുകളാണ് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ ഹൈടെക് പവലിയനിൽ സജ്ജീകരിച്ചത്‌. വിനോദ സഞ്ചാര വകുപ്പ്‌, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്‌,  വ്യവസായ വകുപ്പ്‌, കെഎസ്ഇബി, അക്ഷയ, പൊലീസ്, അഗ്നിരക്ഷാ സേന എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സ്‌റ്റാളുകൾ വഴി ലഭിച്ച സേവനങ്ങൾ മേളയെ സമ്പന്നമാക്കി. കിഫ്ബി നടപ്പിൽ വരുത്തിയ പ്രോജക്ടുകളുടെ വെർച്വൽ പ്രദർശനവും കെ റെയിൽ വിവരണവുമെല്ലാം മേളക്ക്‌ മാറ്റ്‌ പകർന്നു. കുടുംബശ്രീ സ്‌റ്റാളുകളും ഫുഡ്‌കോർട്ടുമെല്ലാം തിളങ്ങി. 
വേറിട്ട വിഷയങ്ങളിലുള്ള പത്തോളം സെമിനാറുകളാണ് മേളയിൽ സംഘടിപ്പിച്ചത്‌. ആയിരങ്ങളാണ്‌ വികസനമുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകളിലും സംവാദങ്ങളിലും ഗൗരവപൂർവം പങ്കാളികളായത്‌. എല്ലാം ദിവസവും വൈകിട്ട് നടക്കുന്ന കലാപരിപാടികളും ആസ്വദിച്ചാണ്‌ സന്ദർശകർ മടങ്ങിയത്‌. 
സമാപന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സബ്‌ കലക്ടർ ആർ ശ്രീലക്ഷ്‌മി അധ്യക്ഷയായി. കലക്ടർ എ ഗീത, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌ ബിന്ദു, എഡിഎം എൻ ഐ ഷാജു എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top