17 September Tuesday

കോളറ പ്രതിരോധ നടപടികൾ ശക്തമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019
കൽപ്പറ്റ
കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ തിങ്കളാഴ‌്ച മൂപ്പൈനാട് പഞ്ചായത്ത് ഹാളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. ഡിഎംഒ ഡോ. ആർ രേണുകയുടെ നേതൃത്വത്തിലാണ‌് യോഗം ചേർന്നത‌്. ആരോഗ്യവകുപ്പ‌് ജീവനക്കാരുമായി സഹകരിക്കാത്തതിനാൽ ഹാരിസൺ ജീവനക്കാർക്കെതിരെ യോഗത്തിൽ വിമർശനമുയർ
ന്നു. ഇതുവരെ കോളറ സ്ഥിരീകരിച്ച നാലു പേരും ചികിത്സ തേടിയ 16 പേരും ഹാരിസൺ മലയാളം പ്ലാന്റേഷന്റെ പാടികളിലാണ് താമസിക്കുന്നത്. ഞായറാഴ്ച കോളറാ ലക്ഷണങ്ങളുമായി ചികിത്സ തേടിയ രണ്ട് തദ്ദേശീയരിൽ ഒരാൾ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ സുരക്ഷാ ജീവനക്കാരനാണ്. ഇപ്പോൾ ചികിത്സയിലുള്ളവരിൽ പലരുടെയും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഇവർക്ക് ആശുപത്രിയിൽനിന്നും വിടുതൽ വാങ്ങാം. എന്നാൽ  ശോച്യാവസ്ഥയിലുള്ള പാടികളിൽ അറ്റകുറ്റപ്പണികളും പെയിന്റും അടിക്കാതെ താമസിപ്പിച്ചാൽ വീണ്ടും കോളറ വന്നേക്കാം. ഈ സാധ്യത കണ്ടാണ് രോഗികളെ ആശുപത്രിയിൽനിന്നും വിടാത്തതെന്ന‌് ഡോ. നൂന മർജ പറഞ്ഞു. മഴയ്ക്ക് മുമ്പ് എല്ലായിടവും ശുചീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. 90 ദിവസം നീണ്ടുനിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് നടപ്പാക്കുക. ചൊവാഴ്ച മുതൽ പ്രദേശ് മൈക്ക് അനൗൺസ്‌മെന്റ് വഴിയും ബോധവത്കരണ പ്രചാരണങ്ങൾ നടത്തും. 
അറവുശാലകൾ, പന്നിഫാം, കോഴിഫാം എന്നിവിടങ്ങളിലും പരിശോധന കർശനമാക്കും. പി കെ അനിൽകുമാർ, പി സി ഹരിദാസ‌് എന്നിവർ സംസാരിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ആർ യമുന അധ്യക്ഷയായി.  മൂപ്പൈനാട് പഞ്ചായത്ത് പരിധിയിൽ പഴകിയ പച്ചക്കറി, പാൽ, മാംസം, മത്സ്യം, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില്പന നിരോധിച്ചു. വിറ്റാൽ കടുത്ത നടപടിയെടുക്കുമെന്ന് ഹെൽത്ത് അധികൃതർ അറിയിച്ചു. കടയും പരിസരങ്ങളും ശുചിയായി സൂക്ഷിക്കണം. നിർമിച്ച തിയ്യതിയും കാലാവധിയും കാണിക്കുന്ന ഭക്ഷ്യവസ്തുക്കളെ വിൽക്കാവൂ. അനധികൃത കച്ചവടക്കാർക്കെതിരെയും ശക്തമായ നടപടികളെടുക്കും.  തിങ്കളാഴ്ച 162 വീടുകളിലാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. 15 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ഒആർഎസ‌് പായ‌്ക്കറ്റുകൾ വിതരണം ചെയ‌്തു. ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ, നാല് ജെഎച്ച്ഐമാർ എന്നിവരും തിങ്കളാഴ്ച മൂപ്പൈനാട് ചുമതലയേറ്റു.

 

പ്രധാന വാർത്തകൾ
 Top