21 August Wednesday

വിജയവീഥിയിൽ യുവതയുടെ ബൈക്ക‌് റാലി

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019


കൽപ്പറ്റ

വയനാട‌് പാർലമെന്റ‌് മണ്ഡലം തെരഞ്ഞെടുപ്പിൽ  യുവതയൊന്നാകെ എൽഡിഎഫിനൊപ്പം ഉണ്ടാകുമെന്ന‌് പ്രഖ്യാപിച്ച‌് ഡിവൈഎഫ‌്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക‌് റാലി‌. യുവതികളും യുവാക്കളും ശുഭ്രപതാകയുമേന്തി ജില്ലയുടെ നഗരവീഥികൾ അക്ഷരാർഥത്തിൽ കൈയടക്കി.  എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ വിജയം വിളമ്പരം ചെയ‌്തു.  രണ്ടായിരത്തിലധികം ബൈക്കുകളിലായി മാനന്തവാടിയിൽനിന്നും ബത്തേരിയിൽനിന്നുമായി  ആയിരക്കണക്കിന‌് യുവതീ യുവാക്കളാണ‌് റാലിയിൽ പങ്കാളികളായത‌്.   വയനാടിന്റെ ഇടതുപക്ഷമനസ്സ‌് പുതുതലമുറയിലൂടെ കുടുതൽ കരുത്താർജിക്കുന്നതാണെന്ന‌് തെളിയിക്കുന്നതായിരുന്നു റാലി. വർഗീയതയെ ചെറുത്ത‌് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫിന്റെ വിജയത്തിനായുള്ള മുദ്രാവാക്യമാണ‌് റാലിയിൽ മുഴങ്ങിയത‌്. പി പി സുനീറിന്റെ കട്ടൗട്ടുകളേന്തിയും അരിവാൾ നെൽക്കതിർ ചിഹ‌്നം ഉയർത്തിയും മുന്നേറിയ റാലിക്ക‌് അഭിവാദ്യമർപ്പിച്ച‌് റോഡിനിരുവശവും നിരവധിപേർ തടിച്ചുകൂടിയത‌്  റാലിക്ക‌് ആവേശം പകർന്നു.  മാനന്തവാടിയിൽനിന്നും ബത്തേരിയിൽനിന്നും പുറപ്പെട്ട റാലികൾ കിലോമീറ്ററുകൾ താണ്ടി കൈനാട്ടിയിൽ സംഗമിച്ചശേഷം  കൽപ്പറ്റയിലേക്ക‌് നീങ്ങുകയായിരുന്നു. കൽപ്പറ്റ നഗരത്തെ ത്രസിപ്പിച്ച‌്  നീങ്ങിയ റാലി നഗരവീഥികളെ ഇളക്കിമറിച്ചു.  മാനന്തവാടിയിൽ റാലി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ ഫ‌്ളാഗ‌് ഓഫ‌് ചെയ‌്തു. എൽഡിഎഫ‌് ജില്ലാ കൺവീനർ കെ വി മോഹനൻ, കെ എം വർക്കി, ഇ ജെ ബാബു എന്നിവർ സംസാരിച്ചു.  മാനന്തവാടി,  പനമരം ബ്ലോക്കുകളിലുളളവരാണ‌്  മാനന്തവാടിയിലെ റാലിയിൽ പങ്കെടുത്തത‌്. ബത്തേരിയിൽനിന്നുള്ള റാലി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി ഉദ‌്ഘാടനം ചെയ‌്തു.
ബത്തേരി, പുൽപള്ളി  ബ്ലോക്കുകളിലുള്ളവരും കൽപ്പറ്റ ബ്ലോക്കിലെ മുട്ടിൽ, വാഴവറ്റ, മൂപ്പൈനാട്, മേപ്പാടി, വെള്ളാർമല, കൽപ്പറ്റ സൗത്ത്, കൽപ്പറ്റ നോർത്ത്, വെങ്ങപ്പള്ളി  മേഖലകളിലുള്ളവരും വൈത്തിരി ബ്ലോക്കിലെ വൈത്തിരി, ചുണ്ടേൽ, പൊഴുതന, അച്ചൂരാനം മേഖലകളിലുളളവരും  ബത്തേരി റാലിയിൽ പങ്കെടുത്തു. യുവാക്കളുടെ പിന്തുണ രാഹുൽ ഗാന്ധിക്കെന്ന പ്രചരണം തീർത്തു നിഷ‌്പ്രഭമാക്കുന്നതായിരുന്നു ഇരുചക്രറാലി .
ബൈക്ക‌് റാലിക്ക‌് ശേഷം കൽപ്പറ്റ നഗരത്തിൽ റോഡ‌്ഷോയും നടത്തി.  ബാൻഡ‌് വാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു റോഡ‌് ഷോ. ഡിവൈഎഫ‌് ജില്ലാ പ്രസിഡന്റ‌് കെ എം ഫ്രാൻസിസ‌്, ജില്ലാ സെക്രട്ടറി കെ റഫീഖ‌്,   എ വി വിജേഷ‌്, ശ്രവ്യ ബാബു,   എം രമേഷ‌്, കെ ആർ ജിതിൻ, ലിജോ ജോണി എന്നിവർ നേതൃത്വം നൽകി.  
വയനാട് പാർലിമെന്റ് മണ്ഡലത്തോടുള്ള എം പി യുടെ അവഗണനകൾക്കെതിരേ നിരവധി സമരപരിപാടികളുമായി ഡി വൈ എഫ് ഐ വളരേ നേരത്തേ തന്നെ ജില്ലയിൽ തിരഞ്ഞെടുപ്പ‌് രംഗത്ത‌് അണിനിരന്നിരുന്നു. മതനിരപേക്ഷ ഇന്ത്യക്കായി   സമരോൽസുക യൗവനം എന്ന മുദ്രാവാക്യമുയർത്തി  പതിനായിരത്തോളം യുവാക്കളെ പങ്കെടുപ്പിച്ച് സെക്യുലർ മാർച്ചോടെയായിരുന്നു തുടക്കം. ജില്ലയിലെ മുഴുവൻ ബൂത്തുകളിലും യുവജന സ്ക്വാഡ് രൂപീകരിച്ച് ഭവന സന്ദർശനങ്ങളും നടത്തി. മേഖലാ അടിസ്ഥാനത്തിൽ യുവജന കൺവെൻഷനുകൾ നടത്തി യുവാക്കളെ വഞ്ചിച്ച മോഡി സർക്കാരിക്കാരിനെതിരേ സമര തെരുവെന്ന പേരിൽ വ്യത്യസ്തമായ സമരപരിപാടിയും സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ കലാജാഥയും നടത്തി.  ഇതിന്റെയെല്ലാം തുടർച്ചയായിരുന്നു ബൈക്ക‌്റാലി. 
പ്രധാന വാർത്തകൾ
 Top