27 May Monday
മാനന്തവാടിയിൽ

ചെരിപ്പ് തുന്നുന്നവർ ഇനി മഴയും വെയിലും കൊള്ളേണ്ട ചെരിപ്പ് തുന്നുന്നവർ ഇനി മഴയും വെയിലും കൊള്ളേണ്ട

വിപിൻ വേണുഗോപാൽUpdated: Sunday Apr 14, 2019

 

മാനന്തവാടി
മാനന്തവാടിയിൽ ചെരിപ്പ‌് തുന്നുവർക്ക‌്   ഇനി നഗരത്തിലെ ആളൊഴിഞ്ഞ കടത്തിണ്ണയിലും ഓവുചാലുകൾക്ക് മുകളിലും പൊട്ടിയ ചെരുപ്പുമായി വരുന്നവരെ നോക്കിയിരിക്കേണ്ട.  വർഷങ്ങളായി പൊരിവെയിലിലും പെരുമഴയത്തും കീറച്ചാക്കിന് കീഴെ ചെരുപ്പ് തുന്നി ജീവിക്കുന്ന 12 തൊഴിലാളികൾക്ക‌് നഗരസഭ അഭയം ഒരുക്കിയിരിക്കയാണ‌്. മുഴുവൻ തൊഴിലാളികളെയും ഒരു കുടക്കീഴിലാക്കി കിളിക്കൂട‌് പോലുള്ള ഷെൽട്ടറാണ‌് നഗരസഭ തയ്യാറാക്കിയിരിക്കുന്നത‌്. അലൂമിനിയം ഫാബ്രിക്കേഷൻ ചെയ‌്താണ‌് ഷെൽട്ടർ പണിതത‌്. ഒന്നരലക്ഷം രൂപയാണ‌് നഗരസഭ ഇതിനായി ചെലവഴിച്ചത‌്. ജോസ‌് തിയറ്ററിന‌് സമീപത്താണ‌് ഷെൽട്ടർ. 13 എണ്ണമാണ‌് നിർമിച്ചത‌്. തെരെഞ്ഞെടുപ്പ‌് കഴിഞ്ഞാലുടൻ ഉദ‌്ഘാടനം നടത്തും. സംസ്ഥാനത്ത് ആദ്യമായാണ് ചെരുപ്പ് തുന്നുന്നവർക്കായി ഈ തരത്തിൽ ഒരു
സൗകര്യമൊരുക്കുന്നത്. നേരത്തെ നഗരത്തിലെ  വഴിയോര കച്ചവടക്കാരെ കണ്ടെത്തി തിരിച്ചറിയൽ കാർഡ് നൽകുകയും നഗരവികസനത്തിന്റെ ഭാഗമായി മുപ്പത്തിമൂന്ന് പേരെ പുനരധിവസിപ്പിക്കുകയും ചെയ‌്തിരുന്നു. 217 ഓളം വഴിയോരക്കച്ചവടക്കാരാണ് നഗരസഭയിൽ ഉള്ളത്. അടുത്ത ഘട്ടത്തിൽ ഇവരെയും പുനരധിവസിപ്പിക്കും.  രാത്രികാല തട്ടുകടകൾ വയനാടൻ തട്ട് എന്ന പേരിൽ ഏകീകരിച്ച് മാനന്തവാടി നഗരസഭ സംസ്ഥാനത്തിന് മാതൃകയായിരുന്നു. നഗരസഭ എൻയുഎൽഎം ജീവനക്കാരുടെയും ആരോഗ്യ വിഭാഗം ജീവനക്കാരുടെയും മേൽനോട്ടവും ഈ പദ്ധതിയെ കുറ്റമറ്റതാക്കുന്നു.
പ്രധാന വാർത്തകൾ
 Top