05 April Sunday

ദേശീയപാത: എംഎൽഎയുടേത്‌ ഒളിച്ചോട്ടം: കേരള കോൺഗ്രസ്- (എം)

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020
കൽപറ്റ-
ദേശീയപാത 766 ഗതാഗത സംരക്ഷണ സമിതി ചെയർമാൻ സ്ഥാനം രാജിവയ്ക്കുക വഴി ഐ സി ബാലകൃഷ്ണൻ എംഎൽഎ നടത്തിയതു ഒളിച്ചോട്ടമാണെന്നു കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ പ്രസ്താവനയിൽ ആരോപിച്ചു. രൂപീകരണലക്ഷ്യം നേടുംവരെ സമിതിയിൽ ഒറ്റയ്ക്കും കൂട്ടായും പ്രവർത്തിക്കുമെന്നു അദ്ദേഹം പറഞ്ഞു.
ബത്തേരി നിയോജകമണ്ഡലം എംഎൽഎ എന്ന നിലയിലാണ് ബാലകൃഷ്ണനെ ബത്തേരിയിൽ സർവകക്ഷി കക്ഷി സമ്മേളനത്തിൽ ഗതാഗത സംരക്ഷണ സമിതി ചെയർമാനായി തെരഞ്ഞെടുത്തത്. സമിതിയെ അറിയിക്കാതെ അദ്ദേഹം അനവസരത്തിലാണ് ചെയർമാൻ സ്ഥാനം രാജിവച്ചത്.
രാത്രിയാത്ര നിരോധനത്തിനെതിരെ മുത്തങ്ങയിൽ  ആദ്യ സമരം സംഘടിപ്പിച്ച  സർവകക്ഷി സമിതിയിൽ നിന്നു കോൺഗ്രസ് പിൻമാറുകയാണുണ്ടായത്. കോൺഗ്രസ് കേന്ദ്രവും കർണാടകവും കേരളവും  ഭരിച്ച കാലത്തു രാത്രയാത്ര വിലക്കു നീക്കുന്നതിനു നടപടി ഉണ്ടായില്ല. കർണാടകയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കളായ എ കെ ആന്റണി, വയലാർ രവി, കെ സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്‌ലിംലീഗ് നേതാവ് ഇ അഹമ്മദ് എന്നിവർ കേന്ദ്ര മന്ത്രിമാരായിരുന്നു. കേരളത്തിൽ ഉമ്മൻചാണ്ടിയായിരുന്നു മുഖ്യമന്ത്രി.  കേന്ദ്ര വനം-പരിസ്ഥിതി, ദേശീയപാത, റെയിൽവേ വകുപ്പുകളുടെ തലപ്പത്തു  കോൺഗ്രസ് നേതാക്കളായിരുന്നു. ഇവർ മനസ്സുവച്ചിരുന്നുവെങ്കിൽ രാത്രിയാത്രാനിരോധനം നീക്കാമായിരുന്നു. എന്നാൽ രാഷ്ട്രീയവും  ഭരണപരവുമായ താത്പര്യമോ ഇച്ഛാശക്തിയോ കോൺഗ്രസ് കാണിച്ചില്ല. യുഡിഎഫ് ഭരണകാലത്തു രാത്രിയാത്ര നിരോധനത്തിനെതിരെ ഡിസിസിയുടെ നേതൃത്വത്തിൽ ഒരു സമരം പോലും സംഘടിപ്പിക്കാത്തവരാണ് ഇപ്പോൾ ബിജെപിയെയും ഇടതുമുന്നണിയെയും കുറ്റപ്പെടുത്തുന്നത്. ഗതാഗത സംരക്ഷണ സമിതിയിൽനിന്നുള്ള കോൺഗ്രസ്-–-ലീഗ് ഒളിച്ചോട്ടം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.  
2010ൽ  ബംഗളൂരുവിൽ ചർച്ചയിൽ വയനാട്ടിൽനിന്നുള്ള  ജനപ്രതിനിധികൾ ബദൽപാത നിർദേശത്തെ എതിർക്കാൻ തയാറാകാതിരുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇപ്പോൾ ആക്ഷൻ കമ്മിറ്റിയിൽ വിള്ളലുണ്ടാക്കി കക്ഷിരാഷ്ട്രീയം കളിക്കുന്നത് അനീതിയാണ്. കണ്ണൂർ വിമാനത്താവളത്തെയും  മാനന്തവാടി മേഖലയിലെ റോഡുകളെയും ദേശീയപാത 766ലെ രാത്രിയാത്ര നിരോധനവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ജില്ലയിൽ  താലൂക്ക്  തിരിച്ചു വിഭാഗീതയുണ്ടാക്കാൻ ശ്രമിക്കുന്നതു അനുചിതമാണ്.
സുപ്രീം കോടതിയിൽ ശരിയായവിധത്തിൽ സത്യവാങ്മൂലം നൽകാനും കേസിനു ഗുണകരമായ  വാദഗതികൾ മുന്നോട്ടുവയ്ക്കാനുമുള്ള ശ്രമങ്ങളാണ് ഗതാഗത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇതിൽ സമിതി ചെർമാനും പങ്കാളിയാണ്. പെട്ടെന്ന് ഒരുദിവസം ചെയർമാൻ പദവി വിട്ട്  കേന്ദ്ര-–-കേരള സർക്കാരുകളെ കുറ്റപ്പെടുത്തി തെറ്റിദ്ധാരണ പരത്തുന്നതു  ശരിയല്ല. ഇടുങ്ങിയ ചിന്തകൾ വെടിഞ്ഞു ബാലകൃഷ്ണനും ഒപ്പമുള്ളവരും സമിതിയുമായി ഐക്യപ്പെടുകയാണ് വേണ്ടതെന്നും ദേവസ്യ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top