04 June Thursday

ബിവറേജസ് കോർപറേഷൻ ഫണ്ടില്‍നിന്ന്‌ 4 കോടി തോട്ടംതൊഴിലാളികള്‍ക്ക്‌ 100 വീടുകള്‍: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020
കൽപ്പറ്റ
ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്കായി നൂറ് വീടുകള്‍ ജില്ലയിൽ നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി ടി പി  രാമകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍  കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബീവറേജസ് കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്നും നാല്‌ കോടി രൂപ ഇതിനായി ചെലവിടും. ലൈഫ്  മാതൃകയില്‍ പ്രത്യേകം ഭവനപദ്ധതിയും തോട്ടം മേഖലയിൽ നടപ്പാക്കും. നിലവില്‍ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികളേയും പിരിഞ്ഞു പോയവരെയും  പദ്ധതിയുടെ ഭാഗമാക്കും.  സ്ഥലം ലഭ്യമാവുന്ന മുറയ്ക്ക് പദ്ധതി തുടങ്ങും. സ്ഥലം വിട്ട് നല്‍കുന്നതിന്  തോട്ടം ഉടമകളും സഹകരിക്കാൻ തയ്യാറായിട്ടുണ്ട്‌.–-മന്ത്രി പറഞ്ഞു. 
സംസ്ഥാനത്തെ പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ്, എല്ലാ നഗരങ്ങളിലും സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷിത താമസ സ്ഥലങ്ങള്‍ ഒരുക്കുക, വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക പഠിക്കുന്നതിനോടൊപ്പം ജോലി ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുക തുടങ്ങിയ വിവിധ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പുതുവര്‍ഷത്തില്‍ തുടക്കമിട്ടതെന്നും മന്ത്രി പറഞ്ഞു.  പ്രഖ്യാപനങ്ങൾ നടത്തിപോവുകയല്ല അവ പ്രാവർത്തികമാക്കുകയാണ്‌ സർക്കാർ.  പ്രഖ്യാപനങ്ങളോരോന്നും പ്രയോജനത്തിൽ വരികയാണെന്നും അതിനായി യോജിപ്പിന്റെ  മേഖല കുടുതൽ വികസിപ്പിക്കുയാണ്‌ സർക്കാർ ചെയ്യുന്നത്‌. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിൽ ഒരുമിച്ച്‌ നിന്ന്‌ പരിഹാരമുണ്ടാക്കാനാണ്‌ ശ്രമം. കേരളം വികസനരംഗത്ത്‌ വളരെ മുന്നിലാണെങ്കിലും മുഴുവൻ കുടുംബങ്ങൾക്കും വീട്‌ കിട്ടിയിട്ടില്ല. ഇത്‌ പരിഹരിക്കുകയാണ്‌ ലൈഫ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. ഇപ്പോൾ ഒന്നരലക്ഷത്തിലധികം വീടുകൾ പൂർത്തിയാക്കി.  പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടത്തിലൂടെ  രണ്ട്‌ ലക്ഷം വീടുകളുടെ നിർമാണം  ജനുവരി 26ന്‌ പൂർത്തിയാക്കി പ്രഖ്യാപനം നടത്തും. മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് 56 ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിനുളള നടപടികളും പുരോഗമിക്കുന്നു. ലൈഫ്‌ ഭവനനിർമാണത്തിന്‌ ചില മാനദണ്ഡങ്ങൾ നിലവിലുണ്ട്‌. എന്നാൽ അർഹതപ്പെട്ടവർക്ക്‌ ഭാവിയിൽ ഈ മാനദണ്ഡങ്ങളുടെ  തടസ്സമില്ലാതെയും വീട്‌ നിർമിച്ചുനൽകും.–-മന്ത്രി പറഞ്ഞു. 

 

പ്രധാന വാർത്തകൾ
 Top