24 January Friday

പ്രളയക്കെടുതി വയനാടിന്‌ അനുവദിച്ചത്‌ 149 കോടി: മന്ത്രി ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

 

മേപ്പാടി
പ്രളയത്തിൽ തകർന്ന വയനാടിനെ വീണ്ടെടുക്കാൻ  സംസ്ഥാന സർക്കാർ അനുവദിച്ചത്‌ 149 കോടി രൂപയാണെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ. സംസ്ഥാനത്ത്‌  അനുവദിച്ചതിൽ ഏറ്റവും കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു. മേപ്പാടി ഗവ. പ്രസിൽ നിർമിച്ച സ്‌റ്റോർ റൂം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടനവധി പ്രതിസന്ധികളെയാണ്‌ കേരളം അഭിമുഖീകരിക്കുന്നത്‌. രണ്ട്‌ പ്രളയം ഏറെ നാശനഷ്ടങ്ങൾ വരുത്തി. റോഡുകൾ പാടെ നശിച്ചു. അതെല്ലാം പുനർനിർമിക്കുകയാണ്‌ റീ ബിൽഡിങ്ങിലൂടെ സർക്കാർ. ഇക്കാര്യത്തിൽ എല്ലാവിഭാഗം ജനങ്ങളും ഒരുമിച്ച്‌ നിൽക്കേണ്ട കാലഘട്ടമാണ്‌ ഇത്‌. നാടിന്റെ പുരോഗതിക്കായി യോജിപ്പ്‌ അനിവാര്യമാണ്‌.  
ഇത്രയേറെ പ്രശ്‌നങ്ങൾ നേരിട്ടിട്ടും വിവിധ രംഗങ്ങളിൽ  കേരളം ഒന്നാമതാണ്‌. എല്ലാവർക്കും വീട്‌ എന്ന ലക്ഷ്യത്തിലുള്ള ലൈഫ്‌ പദ്ധതി വിജയകരമായ മുന്നോട്ടുപോകുകയാണ്‌. ഫെബ്രുവരി 26ന്‌ രണ്ട്‌ ലക്ഷം വീടുകൾ കൈമാറും.  ആർദ്രം പദ്ധതിയിൽ എല്ലാ പ്രാഥമിക ആശുപത്രികളും നവീകരിച്ചു. ഒരു ഡോക്ടർമാർ ഉണ്ടായിടത്ത്‌ മൂന്ന്‌ ഡോക്ടർമാർ ഇന്നുണ്ട്‌.  പൊതുവിദ്യാഭയാസ മേഖലയിൽ മൂന്ന്‌ വർഷത്തിനിടയിൽ അഞ്ച്‌ ലക്ഷം കുട്ടികളാണ്‌ വർധിച്ചത്‌. ശുദ്ധമായ വായു ഇന്ന്‌ രാജ്യ തലസ്ഥാനത്ത്‌ ലഭിക്കണമെങ്കിൽ പണം കൊടുക്കണം. ഈ അവസ്ഥ നമ്മുടെ നാട്ടിൽ വരാൻ പാടില്ല.  അതിനാവശ്യമായ നടപടികൾ ശക്താമായി നടപ്പാക്കുന്നു.  34 കോടി വൃക്ഷതെകൾ നടുകയാണ്‌. വിദ്യാർഥികൾക്ക്‌ പഠനത്തോടൊപ്പേം ജോലി എന്ന സംവിധാനത്തിനുള്ള നടപടികളും സർക്കാർ സ്വീകരിച്ച്‌ വരികയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, അച്ചടി വകുപ്പ് ഡയറക്ടർ എ ജയിംസ് രാജ്, എം ജി ഷീല, കെ ഉണ്ണികൃഷ്ണൻ,  പി.കെ കോമളവല്ലി,  വി എസ് പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top