Deshabhimani

പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റ് 
കാര്യക്ഷമമാക്കണം: മന്ത്രി എം ബി രാജേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 08:45 PM | 0 min read

കൽപ്പറ്റ
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ  ഇടപെടലിനായി പഞ്ചായത്ത്തല എൻഫോഴ്‌സ്‌മെന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.  കലക്ടറേറ്റിൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ അവലോകനം ആഴ്ചയിലൊരിക്കൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിൽ  നടത്തണം. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായി പിഴ ഈടാക്കണം. പിഴ ഒടുക്കുന്നതിൽ  സ്വാധീനം ഉപയോഗിക്കാൻ ശ്രമിച്ചാൽ തടയണം. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലായി ആയിരം കോടിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ പ്രവർത്തനം 2025 ഏപ്രിലോടെ പൂർത്തീകരിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം ത്രിതല പഞ്ചായത്തിന്റെ അധീനതയിൽ സ്ഥാപിച്ച ബോർഡുകൾ നീക്കംചെയ്താൽ ബോർഡ് നീക്കംചെയ്തവരിൽനിന്ന്‌ 5000 രൂപ പഞ്ചായത്ത് സെക്രട്ടറിക്ക് ഈടാക്കാമെന്നും  മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്തുകളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒഴിവുള്ള തദ്ദേശ സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനം നടത്തി ഒഴിവ് നികത്തണം.  ലൈഫ് ഭവനനിർമാണ പദ്ധതിയിലെ ഗുണഭോക്താക്കളെ കണ്ടെത്തുമ്പോൾ അതിദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് മുൻഗണന നൽകണം. മാലിന്യമുക്ത നവകേരളം, അതിദാരിദ്ര്യ നിർമാർജനം, ലൈഫ് ഭവനനിർമാണം, ഡിജി കേരളം പദ്ധതി പ്രവർത്തനങ്ങൾ അവലോകനംചെയ്തു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  കലക്ടർ ഡി ആർ മേഘശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സാംബശിവ റാവു, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി വി അനുപമ, അസിസ്‌റ്റന്റ്‌ കലക്ടർ എസ് ഗൗതം രാജ്, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, സെക്രട്ടറിമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 
 
പടം:  തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അവലോകന യോഗത്തിൽ മന്ത്രി എം ബി രാജേഷ്‌ സംസാരിക്കുന്നു
 


deshabhimani section

Related News

0 comments
Sort by

Home