10 August Monday
മെഡിക്കൽ കോളേജ്‌

ചുണ്ടേലിലെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019
കൽപ്പറ്റ 
 വയനാട് മെഡിക്കൽ കോളേജ് നിർമാണത്തിന് ചുണ്ടേൽ വില്ലേജിലെ 50 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകി . ഭൂമി സംബന്ധിച്ച്‌  പരിശോധനനടത്തിയ വിദഗ്‌ധസമിതി റിപ്പോർട്ട്‌, സാമൂഹ്യാഘാത പഠന റിപ്പോർട്ട്‌, ജില്ലാ കലക്ടറുടെ റിപ്പോർ്ട്ട്‌ എന്നിവയെല്ലാം അനുകൂലമായ സാഹചര്യത്തിലാണ്‌ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട്‌ പോകാൻ റവന്യൂ വകുപ്പ്‌ അഡീഷണൽ സെക്രട്ടറി  ജില്ല ഭരണകൂടത്തിന്‌  അനുമതി നൽകിയത്‌.     
ഭൂമി ഏറ്റെടുക്കുന്നതിന്‌ മുന്നോടിയായി സാമൂഹ്യാഘാതപഠനം  നടത്തുന്നതിനായി സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്‌മെന്റിനായിരുന്നു ചുമതല. സാമൂഹ്യാഘാതപഠനം വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ വിദഗ്‌ധസമിതിയെയും ചുമതലപ്പെടുത്തിയിരുന്നു. മൂന്ന്‌ ദിവസം മുൻപാണ്‌ ഇവർ റിപ്പോർട്ട്‌ സമർപ്പിച്ചത്‌.  ഈ റിപ്പോർട്ടും കലക്ടർ സമർപ്പിച്ച റിപ്പോർട്ടും പരിശോധിച്ചശേഷമാണ്‌ നടപടി. 
2018 ലെ പ്രളയത്തെ തുടർന്ന്‌  മെഡിക്കൽ കോളേജിനായി നേരത്തേ കണ്ടെത്തിയ മടക്കിമലയിലെ ഭൂമിയിൽ കോളേജ്‌ നിർമാണം അനിശ്‌ചിതത്വത്തിലായിരുന്നു.   ഭൂമി മെഡിക്കൽ കോളേജിനായി ഉപയോഗിക്കുന്നതിൽ അപാകതയുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ പഠനം വേണമെന്നും വിദഗ്‌ധസംഘം നിലപാടെടുത്തിരുന്നു. ഇതോടെയാണ്‌ മറ്റൊരു ഭൂമി കണ്ടെത്താൻ സർക്കാർ നിർബന്ധിതരായത്‌. ചുണ്ടേൽ ഭൂമിയിൽ മെഡിക്കൽ കോളേജ്‌ ആരംഭിക്കാനുള്ള നീക്കങ്ങളുമായി സംസ്ഥാനസർക്കാർ മുന്നോട്ട്‌ പോവുന്നതിനിടയിലാണ്‌ യുഡിഎഫിലെ ഒരു വിഭാഗവും  ചില തൽപരകക്ഷികളും മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജ്‌ നിർമിക്കണമെന്ന്‌ ആവശ്യവുമായി വന്ന്‌ വിഷയം വിവാദമാക്കിയത്‌.  സംസ്ഥാനസർക്കാർ അടിയന്തര ഇടപെടൽ നടത്തി ചുണ്ടേലിൽ ഭൂമി കണ്ടെത്തി തുടർനടപടികളുമായി മുന്നോട്ട്‌ പോവുന്നത്‌ തടയാനാണ്‌ യുഡിഎഫ്‌ ശ്രമിച്ചത്‌. ചുണ്ടേലിലെ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറങ്ങിയതോടെ  മെഡിക്കൽ കോളേജ്‌ സംബന്ധിച്ച കാര്യങ്ങളിൽ കുടുതൽ വ്യക്തത വന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top