13 December Friday
കർഷക രക്ഷ

വിഷൻ 20-–-25’ പദ്ധതിയുമായി കാർഷിക വികസന ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019
കൽപ്പറ്റ
പ്രളയവും കാലാവസ്ഥാ വ്യതിയാനവും വിളത്തകർച്ചയും പ്രതികൂലമായ കർഷകരെ സംരക്ഷിക്കുന്നതിന്‌  ‘വിഷൻ 20–-25’ പദ്ധതി വിഭാവനം ചെയ്യുമെന്ന്‌ വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക്‌  അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രളയത്തിൽ തകർന്ന നാടിന്‌ പിന്തുണയൊരുക്കാനും കർഷകർക്ക്‌ ആത്മവിശ്വാസം പകരാനും ഉപകരിക്കുന്ന പദ്ധതികളാണ്‌ വിഷൻ20–-25ൽ വിഭാവനം ചെയ്യുക.  സർക്കാർ, സർക്കാരിതര ഏജൻസുകളുടെയും വകുപ്പുകളുടെയും സഹകരണത്തോടെ സംയോജിത പദ്ധതികളിലൂടെ വരുമാന വർധനം ലക്ഷ്യമാക്കും.  ഇതിനുള്ള ആശയ ക്രോഡീകരണത്തിനായി വിപുലമായ സെമിനാർ സംഘടിപ്പിക്കും. 
സംസ്ഥാന സർക്കാരിന്റെ  കേരള ചിക്കൻപദ്ധതി, ബ്രഹ്മഗിരി സൊസൈറ്റി നടപ്പാക്കുന്ന കിടാരി വളർത്തൽ,  കോഫി ബോർഡുമായി സഹകരിച്ച്‌ നടപ്പാക്കുന്ന മലബാർ കാപ്പി തുടങ്ങിയ പദ്ധതികൾ പിന്തുണ നൽകും.
 ഇതിനാവശ്യമായ വായ്‌പാ  സൗകര്യം  വിവിധ വകുപ്പുകളുടെ സബ്‌സിഡികളോടെ ഉറപ്പാക്കും. കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്‌, പൗൾട്രി ഡവലപ്പ്‌മെന്റ്‌ കോർപ്പറേഷൻ, ബ്രഹ്മഗിരി എന്നീ ഏജൻസികളുടെ പദ്ധതികളുമായി സംയോജിപ്പിച്ചാണ്‌ നടപ്പാക്കുക. ആവശ്യമായ പരിശീലനങ്ങളും മാർക്കറ്റിങ്‌ പിന്തുണയും ഉറപ്പാക്കും.  
ബാങ്കിന്റെ പ്രവർത്തന പരിധിയായ  വൈത്തിരി താലൂക്കിൽ ദീർഘകാല കാർഷികാവശ്യങ്ങൾക്കും ഭവന നിർമാണത്തിനും ഭവന പുന:രുദ്ധാരണത്തിനും വ്യാപാര–- വ്യവസായ ആവശ്യങ്ങൾക്കും വായ്‌പ നൽകുന്നുണ്ട്‌.  
കർഷകർക്ക്‌ ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകുന്ന അഞ്ച്‌ ഫാർമേഴ്‌സ്‌ ക്ലബ്ബുകൾ ബാങ്കിന്‌ കീഴിൽ പ്രവർത്തിക്കുന്നുണ്ട്‌.  ക്ലബിലുള്ളവർക്ക്‌ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള  ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കാനും ക്ലാസുകളിൽ പങ്കെടുക്കാനും സാധിച്ചു.  സംസ്ഥാന സഹകരണ വകുപ്പ്‌ നടപ്പാക്കുന്ന ഒടിഎസ്‌ പദ്ധതിയിൽ ഏറ്റവും കൂടുതൽ ഇളവ്‌ നൽകിയത്‌ ഈ ബാങ്കാണ്‌. 
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ്‌ കെ സുഗതൻ, സംസ്ഥാന കാർഷിക വികസന ബാങ്ക്‌  ഡയറക്ടർ പി എ മുഹമ്മദ്‌, പി കെ മൂർത്തി, വി പി വർക്കി, പി അശോക്‌കുമാർ, കെ സച്ചിദാനന്ദൻ എന്നിവർ  പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top