20 September Friday

നശിച്ചത്‌ കോടികളുടെ വാഴക്കുലകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

േകാട്ടത്തറയിലെ കടയിൽ വാഴക്കുലകൾ കൂട്ടിയിട്ടിരിക്കുന്നു

കൽപ്പറ്റ
ഒരാഴ്ച്ചയോളം ചരക്ക് നീക്കം നിലച്ച വയനാട്ടിൽ കെട്ടിക്കിടന്ന് നശിച്ചത് കോടികളുടെ നേന്ത്രക്കുലകൾ. വൻ നഷ്ടം നേരിട്ട വ്യാപാരികൾ വാഴക്കുലയെടുക്കുന്നതും നിർത്തി. ജൂൺ മുതലുള്ള വിളവെടുപ്പ് സീസണിൽ ദിവസേന ആയിരത്തോളം ലോഡ് നേന്ത്രക്കു ലയാണ് വയനാട്ടിൽ നിന്ന് ചുരമിറങ്ങാറുള്ളത്‌.  പ്രളയം ബാധിച്ചതോടെ കോഴിക്കോട്, കണ്ണൂർ, ബംഗളൂരു ഭാഗങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം ഒരാഴ്ചയായി നിലച്ചു. സംഭരിക്കുന്ന അന്ന് തന്നെ പ്രധാന മാർക്കറ്റുകളിൽ എത്തിക്കേണ്ട പച്ചക്കായ് പഴുത്തു നശിക്കുകയാണ്. ഇതോടെയാണ് വ്യാപാരികൾ കുല സംഭരണം നിർത്തിയത്.
ജില്ലയിൽ പ്രധാന വാഴകൃഷി മേഖലയായ കോട്ടത്തറയിലെ കടകളിൽ ലോഡ് കണക്കിന് കുലകളാണ് പഴുത്ത് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി സമിതി കോട്ടത്തറ യൂണിറ്റ് പ്രസിഡന്റ് വൈശ്യൻ കുഞ്ഞബ്ദുള്ള ഹാജി പറഞ്ഞു. കോട്ടത്തറ ടൗണിലുണ്ടായ വെള്ളപ്പൊക്കത്തിലും വൻ നഷ്ടം നേരിട്ടു.
പലയിടത്തും പഴുത്ത നേന്ത്രക്കായ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകുകയാണ് വ്യാപാരികൾ.കഴിഞ്ഞ ദിവസം ഗതാഗത തടസം നീങ്ങിയെങ്കിലും ചരക്ക് നീക്കം പുനസ്ഥാപിക്കാൻ ഇനിയും സമയമെടുക്കും.ജില്ലയിലെ നേന്ത്രക്കായ് വിലയിടിവിന് പരിഹാരം കാണാൻ സർക്കാർ ഇടപെട്ടിരുന്നു. കിലോയ്ക്ക് 26 രൂപ തറവില നിശ്ചയിച്ച് ഹോർട്ടി കോർപ് നേതൃത്വത്തിൽ നേന്ത്രക്കായ് സംഭരിച്ചിരുന്നു. ഈ ആശ്വാസ നടപടിയുടെ ഗുണം കർഷകർക്ക് ലഭിച്ചു തുടങ്ങിയപ്പോഴേക്കും പ്രളയം പ്രതീക്ഷകളെല്ലാം തകർത്തു. വെള്ളപ്പാച്ചിലിൽ വ്യാപകമായി വാഴ കൃഷി നശിക്കുകയും ചെയ്തു.
പ്രധാന വാർത്തകൾ
 Top