05 August Wednesday
പള്ളിക്കുന്ന്‌ ക്ഷീരസംഘം അഴിമതി

1.65 കോടി തിരിച്ചടയ്‌ക്കാൻ യുഡിഎഫ്‌ ഡയറക്ടർമാർക്ക്‌ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
 
പള്ളിക്കുന്ന്
യുഡിഎഫ്‌ ഭരിക്കുന്ന പള്ളിക്കുന്ന് ക്ഷീരസംഘത്തിൽ സാമ്പത്തിക തട്ടിപ്പ്‌ നടത്തിയ ഡയറക്ടർമാരിൽനിന്നും പണം തിരികെ പിടിക്കാൻ ക്ഷീര വികസന വകുപ്പിന്റെ‌ നടപടി. 1,65,32,446 രൂപ തിരിച്ചടക്കാൻ സംഘം ഡയറക്ടർമാർക്ക്‌  ക്ഷീരവികസനവകുപ്പ്‌ ഡപ്യൂട്ടി ഡയറക്ടർ നോട്ടീസ്‌ നൽകി. സഹകരണനിയമം 66 എ വകുപ്പ്‌ പ്രകാരം നടത്തിയ  അന്വേഷണത്തിലാണ്‌ സംഘത്തിൽ നടത്തിയ തീവെട്ടിക്കൊള്ള കണ്ടെത്തിയത്‌. 
സംഘത്തിലെ സിപിഐ എം പ്രതിനിധി ബിജു സെബാസ്റ്റ്യൻ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. സംഘം പ്രസിഡന്റ്‌ കോൺഗ്രസ്‌ നേതാവ്‌   ഒ വി അപ്പച്ചനടക്കമുള്ളവരാണ്‌ തുക തിരിച്ചടക്കേണ്ടത്‌. നിലവിലെ ഭരണസമിതയിലെ നാല്‌ അംഗങ്ങൾ,  മുൻ ഭരണസമിതിയിലെ ഒമ്പത്‌ അംഗങ്ങൾ,  മുൻ സെക്രട്ടറിയുമാണ്‌ 15.5 ശതമാനം പലിശനിരക്കിൽ തുക തിരിച്ചടക്കേണ്ടത്‌. 
2013–-18  വർഷത്തെ അഴിമതികളാണ്‌ തെളിഞ്ഞത്‌.  സംഘത്തിന്റെ  കെട്ടിട നിർമാണം,  ബയോ വില്ലേജ് സ്വാശ്രയ സംഘം രൂപീകര, പ്ലാന്റ് സ്ഥാപിക്കൽ,‌  മെഷിനറി വാങ്ങൽ, വാഹനവും സ്ഥലം വാങ്ങൽ എന്നിവയിലെല്ലൊം ക്രമക്കേടും സാമ്പത്തിക തിരിമറിയും നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 
സഹകരണ നിയമം, ചട്ടം, സംഘം ബൈലോ എന്നിവക്ക്‌ വിരുദ്ധമായായിരുന്നു പ്രവർത്തനങ്ങൾ. സാമ്പത്തിക ക്രമക്കേടുകൾ ഓഡിറ്റിലും കണ്ടെത്തിയിരുന്നു.   രജിസ്ട്രാറുടെ മുൻകൂർ അനുമതിയില്ലാതെയാണ്  ബയോവില്ലേജ് സ്വാശ്രയ സംഘം ആരംഭിച്ച് പ്രവർത്തനങ്ങൾ നടപ്പാക്കിയത്.   കണക്കുകളും രജിസ്റ്ററുകളും കൃത്യതയോടെ കൈകാര്യം ചെയ്യുന്നതിലും വീഴ്ച്ച വരുത്തി.  93,14,047.46 രൂപയുടെ  നഷ്‌ടമാണ്‌ സംഘത്തിനുണ്ടായത്‌. പലിശയടക്കമാണ്‌ തുക തിരിച്ചടക്കേണ്ടത്‌. 
15 ദിവസത്തിനുള്ളിൽ  തുക സംഘം കണക്കിൽ വരവ്‌വച്ച്‌  രശീതിന്റെ  പകർപ്പ് ഓഫീസിൽ ഹാജരാക്കണമെന്നാണ്‌ ക്ഷീരവികസനവകുപ്പ്‌ ഡപ്യൂട്ടി ഡയറക്ടർ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്‌. കഴിഞ്ഞ ഏഴിനാണ്‌ നോട്ടീസ്‌ നൽകിയത്‌. സംഘത്തിലെ അഴിമതികൾക്കെതിരെ എൽഡിഎഫ്‌ ശക്തമായ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top