11 August Tuesday

എഫ്എൽടിസികൾ തയ്യാർ ചികിത്സക്ക്‌ കൂടുതൽ ആശുപത്രികൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

കോവിഡ്‌ ചികിത്സക്ക്‌ ദ്വാരക പാസ്‌റ്റൽ സെന്ററിൽ ഒരുക്കിയ എഫ്എൽടിസി

 

കൽപ്പറ്റ
കോവിഡ്‌ രോഗികളുടെ എണ്ണം ഏറുമ്പോൾ‌  മുൻകരുതലായി കൂടുതൽ ആശുപത്രി സംവിധാനങ്ങൾ  ഒരുക്കുന്നു.   കോവിഡ് ആശുപത്രിയായ മാനന്തവാടിയിലെ ജില്ലാ ആശുപത്രിക്ക്‌ പുറമെ, രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാണ്‌(എഫ്എൽടിസി)  സജ്ജമാക്കുന്നത്‌. ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കാമെന്നാണ്‌  ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. ഇതിന്റെ ഭാഗമായാണ്‌ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾ  ആരംഭിക്കുന്നത്‌. 
ദ്വാരക പാസ്‌റ്റൽ സെന്റർ, മാനന്തവാടി ഗവ. കോളേജ്‌,  അഞ്ചുകുന്ന്‌ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ എഫ്എൽടിസി സജ്ജമായി. ബത്തേരി ഡയറ്റ്‌, അധ്യാപക ഭവൻ, പുൽപ്പള്ളളി പിഎച്ച്‌സിയുടെ പുതിയ കെട്ടിടം,  കൽപ്പറ്റ ആയൂർവേദ ആശുപത്രി, പൂക്കോട്‌ നവോദയ വിദ്യാലയം, വെറ്ററിനറി സർവകലാശാല, നല്ലൂർനാട്‌ എംആർഎസ്‌ എന്നിവിടങ്ങളിലും സെന്ററുകൾ ആരംഭിക്കും. മാനന്തവാടി താലൂക്കിൽ ഡപ്യൂട്ടി കലക്ടർ ഇ മുഹമ്മദ് യൂസഫിനും  വൈത്തിരി താലൂക്കിൽ  ഡപ്യൂട്ടി കലക്ടർ കെ  അജീഷിനും എഫ്എൽടിസികളുടെ ചുമതല നൽകിയിട്ടുണ്ട്‌. ഓരോ പഞ്ചായത്തുകളോടും സെന്ററുകൾ ആരംഭിക്കുന്നതിനുള്ള കേന്ദ്രങ്ങളുടെ വിവരങ്ങൾ കൈമാറാൻ നിർദേശിച്ചിട്ടുണ്ട്‌. 
ജില്ലയിൽ ജൂണിൽ 67 പേർക്കാണ്‌ കോവിഡ്‌ ബാധിച്ചതെങ്കിൽ ഈ മാസം ഇതിനകം  75 പേർക്ക്‌‌ കോവിഡ്‌ സ്ഥിരീകരിച്ചു.  ഇതേ രീതിയിൽ രോഗികൾ വരും ദിവസങ്ങളിലും കൂടുമെന്നാണ്‌ ആരോഗ്യവകുപ്പ്‌ കണക്കാക്കുന്നത്‌. 
ജില്ലാ ആശുപത്രിയിൽ മികച്ച  ചികിത്സയാണ്‌ നൽകുന്നത്‌. 304 കിടക്കളാണ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്‌. 150 കഴിഞ്ഞാൽ എഫ്എൽടിസികളിലേക്ക്‌ മാറ്റും. 150 കിടക്കകൾ അത്യാഹിത രോഗികൾക്കായി കരുതിവക്കും. നിലവിൽ 85 പേരാണ്‌ ജില്ലയിൽ ചികിത്സയിലുള്ളത്‌.  മാനന്തവാടിയിൽ ഒരു ഹോട്ടലും  എഫ്എൽടിസി ആക്കിയിട്ടുണ്ട്‌. രോഗികളെ ഇവിടെയും പ്രവേശിപ്പിച്ചിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top