31 July Saturday
- നേട്ടം കൊയ്യാനൊരുങ്ങി ജില്ല

നൂറുദിനം; 
പ്രതീക്ഷയേറെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021
 
കൽപ്പറ്റ
 എൽഡിഎഫ്‌ സർക്കാരിന്റെ  നൂറുദിന കർമപരിപാടിയുടെ നേട്ടം കൊയ്യാനൊരുങ്ങി ജില്ലയും. പട്ടയവിതരണം, ലൈഫ്‌, തൊഴിലവസരങ്ങൾ, കിഫ്‌ബി പദ്ധതികൾ, സ്‌മാർട്ട്‌ഫോൺ വായ്‌പ, പഴവർഗവിത്ത്‌ വിതരണം, പഠനമുറികൾ  തുടങ്ങി നിരവധി പദ്ധതികൾ ജില്ലക്ക്‌ ഗുണമേകും.  ഇവയുടെ പൂർത്തീകരണവും വികസനപ്രക്രിയയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. 
   മൂന്ന്‌ കോടി ചെലവഴിച്ച്‌ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തികരിക്കുന്നവയുടെ പട്ടികയിൽ ജില്ലയിലെ വടുവൻചാൽ, മേപ്പാടി, മൂലങ്കാവ്‌ ഗവ. സ്‌കൂളുകൾ ഉൾപ്പെടും. കൂടാതെ പുതിയ കെട്ടിടങ്ങളുടെ പൂർത്തീകരണത്തിലും ലാബ്‌ സൗകര്യം ഒരുക്കുന്നതിലും ജില്ലയിലെ സ്‌കൂളുകൾ ഉൾപ്പെട്ടിട്ടുണ്ട്‌. റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ റോഡ്‌–-പാലങ്ങൾ നിർമാണം പൂർത്തികരണവും  ഗുണകരമാവും. നെട്ടറ–-തിരുനെല്ലി റോഡ്‌, 114 കോടിയിൽ നിർമിക്കുന്ന മലയോര ഹൈവേ, 40 ലധികം ഗ്രാമീണ റോഡുകൾ എന്നിവയുടെയല്ലാം നിർമാണ പുരോഗതിക്ക്‌ സർക്കാർ പ്രഖ്യാപനം പ്രതീക്ഷപകരുന്നു. 
   മലയോരപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന്‌ 30 മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ ഫയർ ആൻഡ്‌ സേഫ്‌റ്റി നിരത്തിലിറക്കുമ്പോൾ ചുരുങ്ങിയത്‌ രണ്ടെണ്ണം ജില്ലക്കും ലഭ്യമാവും. ‌ പട്ടയവിതരണത്തിനായി കാത്തുനിൽക്കുന്നവർക്ക്‌ ആശ്വാസമേകുന്നരീതിയിൽ കൂടുതൽ പട്ടയം വിതരണംചെയ്യുമ്പോൾ പട്ടികവർഗ, പട്ടികജാതി വിഭാഗങ്ങൾ ഏറെയുള്ള ജില്ലക്കും വലിയ നേട്ടമുണ്ടാവും. ലൈഫിൽ വീട്‌ പണി ആരംഭിച്ചവരിൽ അഞ്ഞൂറിലധികംപേർക്കെങ്കിലും നിർമാണം പൂർത്തീകരിക്കാനാവും. വിവിധ വകുപ്പുകൾക്ക്‌ കീഴിലായി പുതിയ തൊഴിലവസരം ഒരുക്കുമെന്ന പ്രഖ്യാപനവും  പ്രതീക്ഷ വർധിപ്പിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top