18 August Sunday

ബ്രഹ്മഗിരി മലബാർ മീറ്റ‌് ഫാക്ടറി അക്രമം: പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

ബത്തേരി
മലവയൽ മഞ്ഞാടിയിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ജനകീയ സംരംഭമായ ബ്രഹ്മഗിരി മലബാർ മീറ്റ‌് ഫാക്ടറിക്കെതിരെ ഇല്ലാത്ത മാലിന്യ പ്രശ‌്നം ഉയർത്തി ഫാക്ടറി പ്രവർത്തനം തടസപ്പെടുത്താനുള്ള സാമൂഹ്യ വിരുദ്ധരുടെ നീക്കങ്ങൾക്കെതിരെ ഫാക്ടറി പരിസരത്ത‌് ജനകീയ പ്രതിഷേധമിരമ്പി. ഫാക്ടറിക്കെതിരെ തട്ടിക്കൂട്ടിയുണ്ടാക്കിയ ആക്ഷൻ കമ്മിറ്റിയുടെ മറവിലാണ‌് നുണ പ്രചാരണത്തിനൊപ്പം അക്രമത്തിനും സാമൂഹ്യ വിരുദ്ധർ മുതിർന്നത‌്. അത്യാധുനിക സംവിധാനത്തോടെ ദുർഗന്ധ രഹിതമായി മാലിന്യ സംസ‌്കരണം നടത്തുന്ന  ഫാക്ടറിക്കെതിരെ ചിലർ അവരുടെ നിക്ഷിപ‌്ത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന‌് അപവാദ പ്രചാരണം നടത്തുകയാണ‌്. ഫാക്ടറി നവീകരിക്കുന്ന ഘട്ടത്തിൽ ബയോ കംമ്പോസ‌്റ്റ‌് ചെയ‌്തിരുന്ന മാലിന്യം നീക്കുന്ന സമയത്ത‌് പരിസരത്ത‌് ദുർഗന്ധം അനുഭവപ്പെട്ടത‌്പ്രതിഷേധത്തിന‌് ഇടയാക്കി. മലബാർ മീറ്റ‌് മാനേജ‌്മെന്റും പ്രദേശവാസികളും തമ്മിൽ ചർച്ച നടത്തി മാലിന്യ പ്രശ‌്നത്തിന‌് പരിഹാരം കണ്ടെത്തിയിരുന്നു. പൊലൂഷൻ കൺട്രോൾ ബോർഡ‌്, റവന്യൂ, പഞ്ചായത്ത‌് അധികൃതരും രാഷ‌്ട്രീയ പാർടി പ്രതിനിധികളും പിന്നീട‌് ഫാക്ടറി സന്ദർശിച്ച‌് നിജസ്ഥിതി വിലയിരുത്തി. മാലിന്യ പ്രശ‌്നത്തിന‌് പരിഹാരം കണ്ടിട്ടും ഫാക്ടറിക്കെതിരെ ഗൂഢലക്ഷ്യവുമായി പ്രവർത്തിക്കുന്ന ചിലർ ഇല്ലാത്ത മാലിന്യ പ്രശ‌്നം ഉയർത്തിക്കാട്ടി പ്രദേശവാസികളെ തെറ്റിധരിപ്പിച്ച‌് ഫാക്ടറിക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ‌് മദ്യലഹരിയിൽ അക്രമം അഴിച്ചു വിടാനുള്ള നീക്കം നടന്നത‌്. ചൊവ്വാഴ‌്ച രാത്രി ഒമ്പതരയോടെ ഫാക്ടറിയിൽ അതിക്രമിച്ചു കയറാനുള്ള നീക്കം പരാജയപ്പെട്ടതോടെ ഫാക്ടറിക്ക‌് മുമ്പിലുള്ള സെക്യൂരിറ്റി ക്യാബിൻ അടിച്ചും എറിഞ്ഞും തകർത്തു. പിന്നീട‌് പരിസരത്തെ ഫാക്ടറി ജീവനക്കാരിയുടെ വീട്ടിലും എത്തി ബഹളം ഉണ്ടാക്കി. തുടർന്നാണ‌് ഏതാനും സ‌്ത്രീകളെ അടക്കം തെറ്റിദ്ധരിപ്പിച്ച‌് കൂടെക്കൂട്ടി അക്രമത്തിന‌് ശ്രമം ഉണ്ടായത‌്. സ്ഥലത്തെിയ പൊലീസിനെ കല്ലെറിഞ്ഞ‌് തുരത്താനും ശ്രമം നടന്നു. കല്ലേറിൽ പരിക്കേറ്റ ബത്തേരി സ‌്റ്റേഷനിലെ രണ്ട‌് പൊലീസുകാർ ചികിത്സയിലാണ‌്. ഫാക്ടറിക്കും പൊലീസിനും നേരെ നടത്തിയ അക്രമത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ സ‌്ത്രീകളെയും കുട്ടികളെയും അടക്കം പൊലീസ‌് മർദിച്ചെന്നും മർദനമേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഉള്ള വ്യാജപ്രചാരണവും അഴിച്ചുവിട്ടു.  ബത്തേരിയിലെ ആശുപത്രികളിൽ പൊലീസ‌് മർദനം ഏറ്റെന്നതിന്റെ പേരിൽ ആരും തന്നെ ചികിത്സക്കെത്താതിരുന്നത‌് വ്യാജ പ്രചാരണത്തിന‌് തിരിച്ചടിയായി.
പ്രധാന വാർത്തകൾ
 Top