18 June Friday
- കമ്യൂണിറ്റി കിച്ചണില്ല

മാനന്തവാടിക്ക്‌ ആശ്രയം 
കുടുംബശ്രീ ജനകീയ ഹോട്ടൽ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

മാനന്തവാടിയിലെ കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഭക്ഷണം തയ്യാറാക്കുന്നു

 
മാനന്തവാടി
  ദുരിതകാലത്ത് ആശ്വാസമായി കുടുംബശ്രീ ജനകീയ ഹോട്ടൽ. ആരുടെയും വയറെരിയാതിരിക്കാൻ  കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ  കാലത്ത്‌ തുടങ്ങിയ ജനകീയ ഹോട്ടൽ മഹാമാരിയുടെ നാളുകളിൽ അശരണരുടെ വിശപ്പ്‌ അകറ്റുകയാണ്‌. 20 രൂപയ്‌ക്ക് ഊണ്‌ നൽകുന്ന രണ്ട്‌ ജനകീയ ഹോട്ടലുകളാണ്‌ മാനന്തവാടി നഗരസഭയിൽ പ്രവർത്തിക്കുന്നത്‌.
കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ ജനകീയ ഭക്ഷണശാലയ്‌ക്ക്‌ നഗരസഭയിൽ അന്നുണ്ടായിരുന്ന എൽഡിഎഫ്‌ ഭരണസമിതി എല്ലാവിധ പിന്തുണയും നൽകി. മാനന്തവാടി സിഡിഎസിന്‌ കീഴിലുള്ള ധനശ്രീ കുടുംബശ്രീ നേതൃത്വത്തിൽ തലശേരി റോഡിലാണ്‌ ആദ്യ  ഹോട്ടൽ തുറന്നത്‌. നഗരസഭകളിൽ ഒന്നിലേറെ ജനകീയ ഹോട്ടലുകൾ തുടങ്ങാമെന്ന സർക്കാർ തീരുമാനത്തെ തുടർന്ന് കോഴിക്കോട് റോഡിൽ ചോതീസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ രണ്ടാമത്തെ  ജനകീയ ഭക്ഷണശാലയ്‌ക്കും തുടക്കമിട്ടു. 
   കോവിഡിന്റെ രണ്ടാംതരംഗം അതിരൂക്ഷമായ ഈ സാഹചര്യത്തിലും പ്രതിദിനം നാനൂറിലേറെ ഊണുകളാണ്‌ ഈ ഭക്ഷണശാലകളിൽനിന്ന്‌ നൽകുന്നത്‌.  മാനന്തവാടിയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കും ഇവിടെനിന്ന്‌ ഭക്ഷണമെത്തിക്കുന്നുണ്ട്‌. ലോക്‌‌ഡൗണിൽ ഭക്ഷണത്തിന്‌ വിഷമിക്കുന്ന മറ്റുള്ളവരുടെയും ആശ്രയകേന്ദ്രമാണ്‌ ഈ ഭക്ഷണശാലകൾ. സാമ്പത്തികസഹായവും  മാർഗനിർദേശങ്ങളുമായി  കുടുംബശ്രീ നേതൃത്വം ഒപ്പമുണ്ടെന്ന്‌ നഗരസഭ സിഡിഎസ് ചെയർപേഴ്സൺ ചുമതല വഹിക്കുന്ന വത്സാ മാർട്ടിൻ പറഞ്ഞു.
  കോവിഡിന്റെ രണ്ടാംതരംഗത്തിൽ  നഗരസഭയിൽ ഇതുവരെ സമൂഹ അടുക്കള തുടങ്ങിയിട്ടില്ല. കുടുംബശ്രീ ജനകീയ ഹോട്ടലുകളാണ്‌ ആളുകളുടെ ആശ്രയം. നഗരസഭയിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിക്കണമെന്ന ആവശ്യത്തോട്‌ ഇപ്പോഴത്തെ ഭരണസമിതി മുഖം തിരിക്കുകയാണ്‌. തദ്ദേശസ്ഥാപനങ്ങൾ ജനകീയ അടുക്കളകൾ തുടങ്ങി ഭക്ഷണം നൽകണമെന്ന്‌ സർക്കാർ ഉത്തരവുമുണ്ട്‌. ഇതും അവഗണിക്കുകയാണ്‌.  ആദ്യ ലോക്‌ഡൗണിൽ നഗരസഭയിലെ അന്നത്തെ എൽഡിഎഫ്‌ ഭരണസമിതി  മാനന്തവാടി ഗവ. യുപി സ്കൂളിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ച് പ്രതിദിനം അറുനൂറിലേറെ പേർക്ക് മൂന്നുനേരം സൗജന്യ ഭക്ഷണം നൽകി. മൂന്നുമാസം സമൂഹ അടുക്കള പ്രവർത്തിപ്പിച്ചു. മാനന്തവാടിയിലെ വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രിയിലെ രോഗികൾ,  ജീവനക്കാർ, അതിഥി തൊഴിലാളികൾ, നിരാലംബർ എന്നിവർക്കെല്ലാം സൗജന്യ ഭക്ഷണം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top