17 October Thursday

ശുചീകരണത്തിന്‌ നാടൊന്നാകെ

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019
കൽപ്പറ്റ
മഴക്കാലപൂർവ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഞായറാഴ‌്ച വാർഡ‌് തല ശുചീകരണം നടത്തി. മഴക്കാലത്തിന് മുമ്പ് വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് വയനാടിനെ സാംക്രമിക രോഗഭീഷണിയില്‍ നിന്നു മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ശുചീകരണ യജ്ഞം. ജില്ലാ ഭരണധികൃതരുടെ  നേതൃത്വത്തിൽ ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സമഗ്ര ശുചീകരണ യജ്ഞം നടത്തിയത്.  രാവിലെ ഒൻപത‌് മുതൽ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള വാർഡുകളിൽ ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിച്ച‌് ശുചീകരണം നടന്നു. പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും ശേഖരിക്കാന്‍ വീട്ടമ്മമാരടക്കം രംഗത്തിറങ്ങി. ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി. ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. 
വിദ്യാലയങ്ങളും പരിസരങ്ങളുമെല്ലാം ശുചീകരിച്ചു.  അജൈവമാലിന്യങ്ങൾ ഉറവിടത്തിൽ നിന്ന് വേർതിരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളിലാണ‌് സംഭരിക്കുന്നത‌്. ഇവ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്യും. 
പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ  മികച്ച  ജനപിന്തുണയും ലഭിക്കുന്നുണ്ട‌്. ജീവക്കാർ, കുടുംബശ്രീ, സാക്ഷരതാ പ്രവർത്തകർ, യുവജന ക്ലബ്ബുകൾ, സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, സ്വകാര്യ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവരും സമഗ്ര ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. 
മുണ്ടേരിയിൽ ശുചീകരണം
കൽപ്പറ്റ
മുണ്ടേരി എച്ച‌്എസ‌് നഗർ റസിഡൻസ‌് അസോസിയേഷൻ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി.  മുണ്ടേരി ഗവ. ഹൈസ‌്കൂൾ മുതൽ മുണ്ടേരി പൊയിൽ കോളനിവരെയുള്ള പരിസരം വരെ നടന്ന ശുചീകരണത്തിൽ അസോസിയേഷൻ കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ‌് അബ്ദുൾ മജീദ‌്, വാർഡ‌് കൗൺസിലർ ശോശാമ്മ,  രഞ‌്ജിത‌് എന്നിവർ സംസാരിച്ചു.
മാനന്തവാടിയിൽ ശുചീകരണ പ്രവർത്തനം ഊർജിതം 
മാനന്തവാടി
നഗരസഭയിലെ 36 ഡിവിഷനുകളിലും ശുചീകരണ പ്രവൃത്തികൾ നടത്തി.   ഡിവിഷൻ കേന്ദ്രങ്ങൾ, പൊതുസ്ഥാപനങ്ങൾ, റോഡുകൾ, പൊതുകിണറുകൾ, നഗരസഭ ബസ് സ്റ്റാന്റ് എന്നിവിടങ്ങൾ ആദ്യദിനംവൃത്തിയാക്കി.
ഞായറാഴ്ച  നഗരസഭയിലെ മുഴുവൻ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിച്ച‌് സംസ‌്കരിച്ചു.  ശുചീകരണ പ്രവർത്തികൾക്ക് കൗൺസിലർമാർ, വ്യാപാരി വ്യവസായികൾ, കുടുംബശ്രീ പ്രവർത്തകൾ ഹരിതകർമ്മ സേനാംഗങ്ങൾ, ആരോഗ്യ വിഭാഗം പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വാർഡ് തലത്തിൽ ശുചീകരണ പ്രവൃത്തികൾക്ക് സമിതി രൂപീകരിച്ചിട്ടുണ്ട്. പൊതുകിണറുകളിലും മറ്റും ക്ലോറിനേഷൻ പ്രവർത്തിയുൾപ്പെടെയുള്ള കാര്യങ്ങൾ തുടർന്നും വാർഡ് തലത്തിൽ നടത്തും. ആദിവാസി കോളനികളിലും പൊതുസ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരും. എലിപ്പനി, കോളറ തുടങ്ങിയ മഴക്കാല രോഗങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങളും വാർഡ് തലത്തിൽ നടത്തും. നഗരസഭയിലെ ശുചീകരണ പ്രവർത്തികൾ നഗരസഭ ചെയർപേഴ്സൺ വി ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു. ശോഭരാജൻ, പി ടി ബിജു, കടവത്ത് മുഹമ്മദ്, ശാരദ സജീവൻ, ലില്ലി കുര്യൻ, വർഗീസ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top