16 June Sunday

സാൻജോയുടെ മരണം അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

 

മാനന്തവാടി
 മധ്യവേനലവധിക്ക് വീട്ടിലെത്തി മടങ്ങാനിരിക്കെയാണ‌് വൈദിക വിദ്യാർഥിയായ സാൻജോയുടെ അപകടമരണം. കാട്ടിക്കുളം ആലത്തൂർ സ്വദേശിയായ സനു ഫിലിപ്പിന്റെയും റോസ് മേരിയുടെയും ഏകമകനാണ് മരണപ്പെട്ട സാൻജോ. മാനന്തവാടി സെന്റ് പാട്രിക്സ്  സ്കൂളിലും എംജിഎം സ്കുളിലുമായി പഠനം പൂർത്തിയാക്കിയ സാൻജോ ബത്തേരി   മലങ്കര കത്തോലിക്ക രൂപതയുടെ സെമിനാരിയിൽ ചേർന്നു പഠിക്കുകയായിരുന്നു. പ്ലസ് വൺ  വിദ്യാർഥിയായ സാൻജോ അവധി കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങാനിരിക്കുകയായിരുന്നു. ഞായറാഴ്ച പള്ളിയിൽ പോയി വന്ന് കാട്ടിക്കുള്ളത്തുള്ള സുഹൃത്തുക്കളോടൊപ്പം രണ്ട് മണിക്ക് ശേഷമാണ് കൂടൽക്കടവിലെത്തിയത്. തടയണയിലെ വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ ക്ഷീണിതനായ സാൻജോ പാറക്കെട്ടിൽ അൽപനേരം വിശ്രമിച്ചു. പിന്നീട‌് നീന്തുന്ന മറ്റ് കൂട്ടുകാർക്കരികിലേക്ക് നീന്തിയടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ക്ഷീണിതനായ സാൻജോ മുങ്ങിയത്. വെള്ളത്തിൽ താഴ്ന്ന് പോകുന്ന സാൻജോയെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചു. പലതവണ സാൻജോയെ വെള്ളത്തിൽ നിന്നുയർത്തിയെങ്കിലും അപ്പോഴേക്കും തളർന്ന് പോയ സുഹൃത്തുക്കൾക്ക് കരയിലേക്കെത്തിക്കുവാൻ സാധിച്ചില്ല. നാല് മണിയോടെയായിരുന്നു സംഭവം.  തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 
സാൻജോയുടെ പിതാവ് സനു ഫിലിപ്പ്  എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്നു. നിലവിൽ കുവൈറ്റിൽ ജോലി ചെയ്യുകയാണ‌്. മാതാവ് റോസ് മേരി കാട്ടിക്കുളത്ത് മരിയ ടൈലറിങ് സ്ഥാപനം നടത്തുകയാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top