05 April Sunday

എംഎൽഎയുടെ രാജി ജനവഞ്ചന: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020

 കൽപ്പറ്റ

ദേശീയപാത 766ലെ സമ്പൂർണ രാത്രിയാത്രാ നിരോധന  നീക്കത്തിനെതിരെ രൂപീകരിച്ച സർവകക്ഷി സമരസമിതി ചെയർമാൻ സ്ഥാനത്തുനിന്നുള്ള ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ രാജി  ഉത്തരവാദിത്വത്തിൽനിന്നും ഒളിച്ചോട്ടമാണെന്ന്‌ എൽഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. 
 പത്തുവർഷത്തിലേറെയായി യാത്രാ നിരോധനം തുടങ്ങിയിട്ട്‌. കേരളവും കേന്ദ്രവും കർണാടകയും കോൺഗ്രസ് ഭരിക്കുന്ന കാലത്ത് തുടങ്ങിയ നിരോധനമാണിത്‌.  ജനങ്ങളുടെ യോജിച്ച പ്രക്ഷോഭമാണ് ആവശ്യമെന്ന്‌ പ്രഖ്യാപിപിച്ചാണ്‌ ബത്തേരിയിൽ ബഹുജനസമരം  ആരംഭിച്ചത്. എല്ലാ വിഭാഗത്തിൽപെട്ട ജനങ്ങളുടെയും   വിപുലമായ യോജിപ്പും പ്രക്ഷോഭത്തിന് ഉണ്ടായിരുന്നു. 
കക്ഷി രാഷ്ട്രീയ ഭേദമന്യേ വളർന്നുവന്ന പ്രക്ഷോഭങ്ങളുടെയും അതിന് നേതൃത്വം നൽകുന്ന സമരസമിതിയുടെയും കടയ്ക്കൽ കത്തിവെക്കുന്ന സമീപനമാണ് ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്വീകരിച്ചത്‌.  20ന് സുപ്രീം കോടതി  കേസ് പരിഗണിക്കാനിരിക്കെയാണ് രാഷ്ട്രീയ മുതലെടുപ്പിനായി  ചെയർമാൻ സ്ഥാനം രാജിവച്ചത്‌. സമരസമിതി വിളിച്ച് ചേർക്കാൻ തയ്യാറാകാതെ  ഏകപക്ഷീയമായി രാജിവെച്ചത്  ജനവഞ്ചനയാണ്. കേന്ദ്രവും  കർണാടകയും ഭരിക്കുന്ന ബിജെപിക്കെതിരെ ഒന്നും പറയാൻ തയ്യാറാകാത്ത  ഐ സി ബാലകൃഷ്ണൻ  വയനാട് എംപിയെ   പ്രശ്നത്തിൽ ഇടപെടുവിപ്പിക്കുന്നതിന് പകരം കള്ള പ്രചാരണം അഴിച്ചുടുകയാണ്‌.  ജനങ്ങൾ വസ്‌തുത മനസിലാക്കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.   
പ്രധാന വാർത്തകൾ
 Top