29 January Saturday
കോവിഡ്‌ വർധന

പ്രതിരോധിക്കാൻ 
ജില്ല സജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022
 
കൽപ്പറ്റ
  ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ കൂടിവന്നതോടെ ജില്ല കനത്ത ജാഗ്രതയിൽ.  ഒമിക്രോൺ അടക്കം നേരിടാനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു.  നിലവിൽ രോഗബാധിതരെ ചികിത്സിക്കാൻ ആവശ്യത്തിന്‌ ബെഡ്ഡുകൾ  ജില്ലയിലുണ്ടെങ്കിലും രോഗബാധിതരുടെ  എണ്ണം ക്രമാതീതമായി കൂടുകയാണെങ്കിൽ  സിഎഫ്‌എൽടിസികൾ ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന്‌ അധികൃതർ അറിയിച്ചു.  വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയായിരിക്കും ഇത്തരം കേന്ദ്രങ്ങൾ ഒരുക്കുക. 
   ജില്ലയിലെ ഓക്‌സിജൻ സൗകര്യങ്ങൾ,  മരുന്ന്‌,  മറ്റ്‌ മെഡിക്കൽ സാമഗ്രികൾ എന്നിവയുടെ കരുതൽ ശേഖരം വർധിപ്പിക്കും.  സാഹചര്യത്തിനനുസരിച്ച്‌ ‌ രോഗബാധ കൂടുതലുള്ള  പ്രദേശങ്ങളിൽ  നിയന്ത്രണങ്ങൾ കടുപ്പിക്കും.  രണ്ടാം ഡോസ് വാക്സിൻ എടുത്താലും മാസ്‌ക് ധരിക്കുകയും ആൾക്കൂട്ടം പരമാവധി ഒഴിവാക്കുകയും  വേണമെന്ന്‌ പൊതുജനങ്ങൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. 
    ദിനംപ്രതി രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ്‌ കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ ഉണ്ടായത്‌. ഒരാഴ്‌ച മുമ്പ്‌ ‌ വരെ 30നും 50നും ഇടയിലായിരുന്നു പ്രതിദിന രോഗികളെങ്കിൽ കഴിഞ്ഞദിവസം എണ്ണം ഇരുനൂറിലെത്തിയത്‌ ആശങ്ക ഉയർത്തുന്നുണ്ട്‌.  ജില്ലയിൽ ചികിത്സയിലുള്ളവരുടെ  എണ്ണത്തിലും ഇരട്ടിയോളം വർധന ഉണ്ടായി. ഒരാഴ്‌ച മുമ്പ്‌ വരെ അഞ്ഞൂറിനും അറനൂറിനും ഇടയിലായിരുന്നു ചികിത്സയിലുള്ളവർ എങ്കിൽ വ്യാഴാഴ്‌ച ഇത്‌ ആയിരത്തിനടുത്തെത്തി.  
  സ്ഥാപനങ്ങളിൽ ജീവനക്കാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. കോവിഡ് രോഗ ലക്ഷണമുള്ളവർ പരിശോധന നടത്തി നെഗറ്റീവാണെന്ന് അറിഞ്ഞ ശേഷം മാത്രമേ സ്‌കൂളുകളിലും, ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും എത്താൻ പാടുള്ളൂ എന്നിങ്ങനെയുള്ള നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്‌.  കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ പൊലീസും ജാഗ്രത പുലർത്തുന്നുണ്ട്‌. 
  15-–-18 വാക്‌സിനേഷൻ: 73 %
   ജില്ലയിൽ  88 ശതമാനം പേർ കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ സ്വീകരിച്ചു. 15-–-18 വയസ്സുകാരിൽ 73ശതമാനം  പേരും വാക്‌സിനെടുത്തു.   ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും അനുബന്ധ രോഗങ്ങളുള്ള 60ന്‌  മുകളിൽ പ്രായമുള്ളവർക്കുമുള്ള കരുതൽ വാക്സിനേഷൻ ജില്ലയിൽ ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top