28 February Sunday

കെ ഫോൺ: ആദ്യം 200 കേന്ദ്രങ്ങളിൽ ഇന്റർനെറ്റ്‌

സ്വന്തം ലേഖകൻUpdated: Wednesday Jan 13, 2021
കൽപ്പറ്റ
കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ്‌  നൽകുന്ന സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയുടെ പ്രവൃത്തി ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. 400 കിലോമീറ്ററിൽ ലൈൻ വലിക്കൽ പൂർത്തിയായി. ജില്ലയിൽ 200 ഇടങ്ങിലാണ്‌ ആദ്യഘട്ടത്തിൽ സൗജന്യ ഇന്റർനെറ്റ്‌ നൽകുക. ഇതിന്റെ കണക്ഷൻ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്‌. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ സബ്‌സിഡി നിരക്കിലും ഇന്റർനെറ്റ്‌ ലഭിക്കുന്ന പദ്ധതിയാണ്‌ കേരള ഫൈബർ ഒപ്‌റ്റിക്‌ നെറ്റ്‌വർക്ക്‌(കെ ഫോൺ). കേരള സ്‌റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രെക്ച്ചർ ലിമിറ്റഡും കെഎസ്‌ഇബിയും യോജിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 
കണിയാമ്പറ്റ, കൽപ്പറ്റ, മീനങ്ങാടി, കൂട്ടമുണ്ട സബ്‌സ്‌റ്റേഷൻ പരിധിയിലാണ്‌ ആദ്യംഘട്ടം.   ലൈൻ വലിക്കുന്നതിന്റെ 90 ശതമാനം പൂർത്തിയായി.  കണിയാമ്പറ്റ 220 കെവി സബ്‌സ്‌റ്റേഷനാണ്‌  ജില്ലയിലെ മെയിൻ ഹബ്.  ഇവിടെനിന്നുമാണ്‌ മറ്റ്‌ സ്റ്റേഷനുകളിലേക്കുള്ള‌ കണക്ഷൻ.  നിടുംപൊയിൽനിന്നും -മാനന്തവാടി–-അഞ്ചുകുന്ന്‌ വഴി കണിയാമ്പറ്റ സ്‌റ്റേഷൻവരെ ലിങ്ക്‌ കണക്ട്‌‌ ചെയ്‌തു.  ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലും കെഫോൺ കണക്ടിവിറ്റി ഉണ്ടാകും.  വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ എന്നിവിടങ്ങളിലും കണക്ഷൻ നൽകും. ഇവിടങ്ങളിലെല്ലാം കേബിൾ ശൃംഖല  ഒരുക്കി. മാനന്തവാടി, പുൽപ്പള്ളി, ബത്തേരി, പടിഞ്ഞാറത്തറ,അഞ്ചുകുന്ന്‌ സബ്സ്‌റ്റേഷൻ പരിധികളിൽ രണ്ടാംഘട്ടത്തിൽ കേബിൾ വലിക്കും. ഫെബ്രുവരിയിൽ രണ്ടാംഘട്ടം ആരംഭിക്കും. 
ഇന്റർനെറ്റ്‌ പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചാണ്‌ സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി ആവിഷ്‌ക്കരിച്ചത്‌.  എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ്‌ നൽകുകയാണ്‌ ലക്ഷ്യം. സംസ്ഥാനത്താകെ 52,000 കിലോമീറ്റർ ഒപ്‌റ്റിക്കൽ‌ ഫൈബർ ശൃംഖലയാണ്‌  ഒരുക്കുന്നത്‌. ഇത്‌ എല്ലാ സ്വകാര്യ കമ്പനികളെക്കാളും വലുതാണ്‌. സെക്കൻഡിൽ 10 എംബി മുതൽ ഒരു ജിബിവരെ വേഗതയുണ്ടാകും‌. വിദൂരപ്രദേശങ്ങളിൽപോലും കെ ഫോണിന്റെ ഒപ്‌റ്റിക്കൽ ഫൈബർ കേബിളെത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top