25 September Friday
താഴെ അങ്ങാടിയിലും രക്ഷയില്ല

കെഎസ്‌ആർടിസി മാനന്തവാടി ഡിപ്പോ ഇനി എവിടെ ?

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
മാനന്തവാടി
അംബേദ്‌ക്കർ റോഡിൽ നിന്നും മാനന്തവാടി കെഎസ്‌ആർടിസി ഡിപ്പോ താഴെ അങ്ങാടിയിലേക്ക്‌ മാറ്റുമ്പോൾ  പതിറ്റാണ്ടുകളായുള്ള  ദുരിതമൊഴിയുമെന്നായിരുന്നു ജീവക്കാരുടെ പ്രതീക്ഷ. അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയായിരുന്നു അതുവരെ ജോലി ചെയ്തിരുന്നത്‌. കിടക്കാനും വിശ്രമിക്കാനും സൗകര്യമില്ലാതെ, നല്ല ടോയ്‌ലറ്റുകളില്ലാതെ ദുരിതപൂർണമായിരുന്നു ഡിപ്പോ ജീവിതം. ബസ്‌ പാർക്കിങ്ങും വർക്‌ഷോപ്പുമെല്ലാം ഒന്നിച്ച്‌. ഇതിൽനിന്നെല്ലാം മോചനം തേടിയായിരുന്നു താഴെ അങ്ങാടിയിൽ ഡിപ്പോ തുറന്നത്‌. എന്നാൽ ഇത്‌ അതിലേറെ ദുരിതമായി. 
മഴക്കാലത്ത്‌ ഡിപ്പോയിൽ വെള്ളം കയറും. ബസ്സുകൾ പുറത്തേക്ക്‌ എടുക്കാനോ   കൊണ്ടിടാനോ കഴിയില്ല. മൂന്ന്‌ വർഷമായി തുടർച്ചയായി ഡിപ്പോയിൽ വെള്ളം കയറി‌. കഴിഞ്ഞതവണ സർവീസുകൾ മുടങ്ങി. ഇത്തവണ അതൊഴിവാക്കാനായി വെള്ളം കയറുന്നതിനുമുമ്പേ ബസുകൾ നഗരസഭയുടെ സ്‌റ്റാൻഡിലേക്കും പരിസരത്തെ റോഡ്‌  അരികുകളിലേക്കും മാറ്റിയിട്ടു.  2015ൽ ആണ്‌  ഡിപ്പോ താഴെ അങ്ങാടിയിലേക്ക്‌ മാറ്റിയത്‌. വർക്‌ഷോപ്പും പെട്രോൾപമ്പും അംബേദ്‌ക്കർ റോഡിൽതന്നെ നിലനിർത്തി. ഇന്ധനം നിറക്കാനും തകരാറുകൾ പരിഹരിക്കാനും ബസ്സുകൾ ഇവിടുത്തെ ഗ്യാരേജിൽ എത്തിക്കണം. വരുമാനത്തിൽ സംസ്ഥാനത്തുതന്നെ ഏറ്റവും മുന്നിലുള്ള ഡിപ്പോകളിലൊന്നാണ്‌ മാനന്തവാടി. 107 ബസ്സുകളുണ്ട്‌. 92 സർവീസുകളാണ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നത്‌. ദീർഘദൂര സർവീസുകളെല്ലാം ലാഭത്തിലാണ്‌. 1979ൽ ആണ്‌ താഴെഅങ്ങാടി പാണ്ടിക്കടവിൽ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സ്ഥലം അനുവദിച്ചത്‌.  മഴക്കാലത്ത്‌ സ്ഥിരമായി വെള്ളം കയറുന്നതിനാൽ ഡിപ്പോ ഇവിടെനിന്നും മാറ്റിസ്ഥാപിക്കണമെന്നതാണ്‌ ഇപ്പോഴത്തെ ആവശ്യം.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top