17 October Thursday

സർഫാസി അഡ‌്ഹോക‌് കമ്മിറ്റി സിറ്റിങ്ങിൽ ആകുലതകൾ പങ്കുവച്ച‌് കർഷകർ

സ്വന്തം ലേഖകൻUpdated: Friday Jul 12, 2019
കൽപ്പറ്റ
സർഫാസി നിയമത്താൽ ജില്ലയിലെ കർഷകർ നേരിടുന്ന ദുരിതത്തിന്റെ നേർചിത്രം വരച്ചുകാട്ടി നിയമസഭാ അഡ‌്ഹോക‌് കമ്മിറ്റി  സിറ്റിങ്. കാർഷികോൽപ്പന്നങ്ങളുടെ വിലതകർച്ചയും പ്രളയദുരിതങ്ങളും വന്യമൃഗശല്യവുമെല്ലാം വലയ‌്ക്കുന്ന കർഷകരുടെ ജീവിതം സർഫാസി കൂടി നടപ്പാക്കുന്നതോടെ പാടെ ദുരിതത്തിലാകുകയാണെന്ന‌് സിറ്റിങ്ങിൽ പരാതികളുമായി എത്തിയ കർഷകരും കർഷക സംഘടനകളും  വ്യക്തമാക്കി. സർഫാസി നിയമത്തിന്റെ ദുരുപയോഗം നേരിട്ടനുഭവിക്കേണ്ടി വന്നവരും വായ‌്പ എടുത്ത‌് കുടിശ്ശികയായതിന്റെ പേരിൽ സർഫാസി ഭീഷണി നിലനിൽക്കുന്നവരുമെല്ലാം നിയമസഭാസമിതിക്ക‌് മുന്നിൽ പ്രശ‌്നങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ കർഷകരെ സഹായിക്കുന്ന നടപടികൾ സ്വീകരിക്കുമ്പോഴും ബാങ്കുകളുടെ ഭാഗത്തുനിന്നും  സർഫാസിയുടെ ദുരുപയോഗം അടക്കം നടക്കുന്നതായി കർഷകർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ കർഷികനയങ്ങളെയും യോഗത്തിലെത്തിയ കർഷകർ വിമർശിച്ചു. കേരളത്തിൽ സർഫാസി നടപ്പാക്കാനാവില്ലെന്ന നില ഉണ്ടാകണമെന്നും അതിനനുകൂലമായ നടപടികൾ ഉണ്ടാവണമെന്നും  അഭിപ്രായം ഉയർന്നു. സർഫാസി നിയമത്തിൽ ബാങ്കുകൾക്ക‌് ലഭിക്കുന്ന അമിതാധികാരം നിയന്ത്രിക്കണമെന്നും കർഷകരെ അഭിമാനബോധത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നും കർഷക സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു. ജപ‌്തി നടപടിയുടെ ഭാഗമായി വിദ്യഭ്യാസ വായ‌്പ എടുത്തതിന്റെ പേരിൽ കുട്ടികളുടെയടക്കം ചിത്രം പതിച്ച‌് നോട്ടിസ‌് പതിപ്പിക്കുന്നതിനെതിരെയും രൂക്ഷമായ വിമർശനം ഉയർന്നു.  ബാങ്കുകള്‍ നിയമത്തെ വക്രീകരിക്കുന്നത‌് തടയണമെന്നും   സഹകരണബാങ്കുകളില്‍ സര്‍ഫാസി നിയന്ത്രിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. 
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ മറവില്‍ വളരെയധികം പേര്‍ക്ക‌് കിടപ്പാടം നഷ്ടപ്പെട്ടതായി സമിതി വിലയിരുത്തി.  വന്‍കിടക്കാര്‍ക്കെതിരെ കൊണ്ടുവന്ന നിയമത്തില്‍ കുടുങ്ങിയത് ഏറെയും സാധാരണക്കാരായ കര്‍ഷകരാണ‌്.  വായ്പയെടുത്ത കര്‍ഷകന്റെ കുടുംബ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത‌് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമിതി അംഗങ്ങൾ വ്യക്തമാക്കി. 
 പ്രളയശേഷം വായ്പാ തിരിച്ചടവുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യയിലേക്കടക്കം നീങ്ങുന്ന സ്ഥിതി ഉണ്ടായ സാഹചര്യത്തിലാണ് സര്‍ഫാസി നിയമത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സർക്കാർ നിയസഭാ സമിതി രൂപീകരിച്ചത്. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിലായിരുന്നു സിറ്റിങ്.   സമിതി ചെയർമാൻ എസ‌് ശർമ,  മറ്റംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇ എസ് ബിജിമോള്‍, സി കെ ശശീന്ദ്രന്‍,  അഡ്വ.എം ഉമ്മര്‍ എന്നിവർ പങ്കെടുത്തു. കർഷകരെയും കർഷക സംഘടനകളെയും പ്രതിനീധികരിച്ച‌് കെ ശശാങ്കൻ, സി കെ ശിവരാമൻ, വി പി വർക്കി, ജോസഫ‌് മാണിശ്ശേരി, എൻ ഒ ദേവസ്യ, കെ കെ പോൾ, വി സി മജീദ‌്, അഡ്വ. ജോഷി സിറിയക‌്, സി എം സ‌്റ്റാൻലി എന്നിവർ സംസാരിച്ചു. 
 

 

പ്രധാന വാർത്തകൾ
 Top