20 July Saturday

തോട്ടം മാനേജ‌്മെന്റ‌ുകളുടെ അനാസ്ഥ സുരക്ഷയില്ലാതെ ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾ

സ്വന്തം ലേഖകൻUpdated: Friday Jul 12, 2019
കൽപ്പറ്റ
എസ‌്റ്റേറ്റുകളിൽ തൊഴിൽ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ  ദുരിത ജീവിതത്തിന‌് മാറ്റമില്ല. പൊട്ടിപ്പൊളിഞ്ഞ പാടികളും വൃത്തിഹീനമായ പരിസരങ്ങളിലുമാണ‌്  തൊഴിലാളികളുടെ പിഞ്ചുകുട്ടികളും വൃദ്ധരായ രോഗികളുമടക്കമുള്ളവർ കഴിയുന്നത‌്.  തൊഴിൽ നിയമപ്രകാരം പാലിക്കേണ്ട ചുമതലകളിൽനിന്നും മാനേജ‌്മെന്റ‌് മാറിയതിന്റെ ഇരയാണ‌്  കഴിഞ്ഞ ദിവസം പുത്തുമലയിൽ മരിച്ച രണ്ടുവയസ്സുകാരി. മധ്യപ്രദേശ‌് ദമ്പതിമാരുടെ പിഞ്ചുകുഞ്ഞാണ‌് ഉപയോഗശൂന്യമായ സെപ‌്റ്റിക‌് ടാങ്കിൽവീണ‌് മരിച്ചത‌്.  
തദ്ദേശിയരായ തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന പേരിലാണ‌്  തേയിലതോട്ടങ്ങളിൽ വ്യാപകമായി ഇതര സംസ്ഥാന തൊളിലാളികളെ കുടിയിരിത്തിയിരിക്കുന്നത‌്. ഇവരെ എത്തിക്കുന്നതിന‌് നിരവധി ഏജന്റുമാണാണ‌്  പ്രവർത്തിക്കുന്നത‌്. ഓരോ തൊഴിലാളിയുടെ കൂലിയിൽ നിന്നും കമീഷനും ഇവർ പറ്റും. എന്നാൽ അനിവാര്യമായ അടിസ്ഥാന സൗകര്യം ഇവർക്ക‌് മിക്കയിടത്തും ലഭിക്കുന്നില്ല. ഹാരിസൺ മലയാളം കമ്പനിയുടെ പുത്തുമല, ചൂരൽമല, അട്ടമല, മുണ്ടക്കൈ ഡിവിഷനുകളിലെല്ലാം  ഇതരസംസ്ഥാന തൊഴിലാളികളുണ്ട‌്. നൂറിലേറെ വരും ഇവരുടെ എണ്ണം. മധ്യപ്രദേശ‌് മുതൽ  കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തൊളിലാളികൾ ഇവിടെയുണ്ട‌്.  
തൊഴിലാളികൾ താമസിപ്പിച്ച‌് ജോലി ചെയ്യിപ്പിക്കുമ്പോഴ‌ും ഇവർക്കാവശ്യമായ സൗകര്യമൊരുക്കുന്നതിൽ ഒരു താൽപ്പര്യവും മാനേജ‌്മെന്റ‌് കാണിക്കുന്നില്ല. പുത്തുമലയിൽ മരിച്ച രണ്ടര വയസുകാരിയുടെ രക്ഷിതാക്കളായ ചന്ദ്രാസിങ്ങ് –-അമിത ഭായ്  രാവിലെ ജോലിക്ക‌് പോയാൽ വൈകിട്ടാണ‌് മടങ്ങിയെത്താറ‌്. ഈ സമയം കുട്ടികൾ പാടികളിൽ തനിച്ചാണ‌്. ഇതിനിടയിലാണ‌്   ഉപയോഗിക്കാതെ തുറന്നുകിടന്ന സെപ‌്റ്റിക‌് ടാങ്കിൽ കുട്ടി പകലെപ്പൊഴോ വീണത‌്. വൈകിട്ടോടെ രക്ഷിതാക്കൾ എത്തിയപ്പോഴാണ‌് കുട്ടിയെ കാണാതായ വിവരം പോലും പുറത്തുവരുന്നത‌്. ഈ പാടികളിൽ വൃദ്ധരായ രോഗികളും പകൽ സമയങ്ങളിൽ പരിചരണമില്ലാതെ താമസിക്കുന്നുണ്ട‌്.
ജോലിക്ക‌് പോകുന്ന തൊഴിലാളികളുടെ  മക്കളെ പകൽ സമയങ്ങളിൽ സംരക്ഷിക്കാൻ ക്രഷുകൾ പുത്തുമല അടക്കം മിക്ക  എസ‌്റ്റേറ്റുകളിലും  നിലവിലില്ല. തൊഴിൽ നിയമപ്രകാരം നൽകേണ്ട ഈ സൗകര്യം ഇല്ലാത്തതാണ‌് കുട്ടിയുടെ മരണത്തിന‌് കാരണമായത‌്. ഇവർക്ക‌് താമസിക്കാൻ നൽകിയ പാടികൾ ഏറെക്കുറെ തകന്നതാണ‌്. വൈദ്യുതിയുമില്ല.
 രോഗപ്രതിരോധത്തിനുള്ള കുത്തിവെപ്പുകൾ എടുക്കാതെയാണ‌് ഇതര സംസ്ഥാന തൊഴിലാളികൾ തൊഴിലുതേടി എസ‌്റ്റേറ്റുകളിൽ എത്തുന്നത‌്. അടുത്തിടെയാണ‌്  മൂപ്പൈനാട‌് പഞ്ചായത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ കോളറ റിപ്പോർട്ട‌് ചെയ‌്തത‌്. ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ  ശുചിത്വപ്രവർത്തനങ്ങൾ നടത്തും. അതേ സമയം ഈ ജാഗ്രത തോട്ടം മാനേജ‌്മെന്റ‌് പിന്നീട‌് കാണിക്കാറില്ല.

 

പ്രധാന വാർത്തകൾ
 Top