23 August Friday

3 വർഷം പിന്നിട്ട‌് നൂൽപ്പുഴയിൽ ഡിവൈഎഫ‌്ഐയുടെ ഗോത്രസമൃദ്ധി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
ബത്തേരി
ഡിവൈഎഫ‌്ഐ മേഖലാ കമ്മിറ്റി നൂൽപ്പുഴയിൽ ആരംഭിച്ച കാരുണ്യ പദ്ധതിയായ ഗോത്രസമൃദ്ധി  മൂന്ന‌് വർഷം പിന്നിട്ടു. ഗോത്ര ജനസംഖ്യ ഏറെയുള്ള ത്മിഴ‌്നാടിനോടും കർണാടകയോടും അതിർത്തി പങ്കിടുന്ന പഞ്ചായത്താണ‌് നൂൽപ്പുഴ. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട ഇവിടുത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ‌് എല്ലാ മാസവും ഒമ്പതാം തിയതി പ്രത്യേക ഒ പിയിൽ പരിശോധനക്കെത്തുന്ന ആദിവാസി ഗർഭിണികൾക്ക‌് പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം നൽകുന്ന പദ്ധതിയായ ഗോത്രസമൃദ്ധി മൂന്ന‌് വർഷം പിന്നിട്ടത‌്. വിദഗ‌്ധയായ വനിതാ ഗൈനക്കോളജിസ‌്റ്റിന്റെ നേതൃത്വത്തിലാണ‌് അതത‌് മാസം ഒമ്പതാം തിയതി മുടങ്ങാതെ ഗർഭിണികൾക്കുള്ള പ്രത്യേക ഒ പി പ്രവർത്തിക്കുന്നത‌്. ഒ പിയിൽ പരിശോധനക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസ‌് വാഹനങ്ങളിലാണ‌് ഗർഭിണികളെ കോളനികളിൽനിന്നും തികച്ചും സൗജന്യമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നതും പരിശോധനക്ക‌് ശേഷം കോളനികളിൽ തിരിച്ചെത്തിക്കുന്നതും. പ്രത്യേക ഒപി പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ശരാശരി നൂറിലേറെ ഗർഭിണികളാണ‌് എത്താറുള്ളത‌്. കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ഇരുപതും മുപ്പതും കിലൊ മീറ്റർ വരെ അകലെയാണ‌് പഞ്ചായത്തിലെ മിക്കവാറും ഗോത്രവർഗ കോളനികൾ. വന്യമൃഗശല്യം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ‌് ഇത്തരം കോളനികളുള്ളത‌്. രാവിലെ കോളനികളിൽനിന്നും പരിശോധനക്കായി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക‌് ആരോഗ്യ പ്രവർത്തകർ കൂട്ടിക്കൊണ്ടു വരുന്ന ഗർഭിണികൾക്ക‌് ഗോത്രസമൃദ്ധിയിലൂടെ പോഷക സമ്പുഷ‌്ടമായ ഉച്ചഭക്ഷണം ഒരുക്കുകയാണ‌് ഡിവൈഎഫ‌്ഐ മേഖലാ കമ്മിറ്റിയിലെ പ്രവർത്തകർ. ചോറും അഞ്ചുകൂട്ടം കറികളും അച്ചാറും ഉപ്പേരിയും മീൻ പൊരിച്ചതും കോഴിമുട്ടയും മോരും ഉൾപ്പെടെയുള്ള ഭക്ഷണമാണ‌് മിക്കവാറും പരിശോധന ദിവസങ്ങളിൽ ഗർഭിണികൾക്കും സഹായികളായി കൂടെ എത്തുന്നവർക്കും അന്നത്തെ ദിവസം ആശുപത്രിയിൽ ഐപിയിൽ കഴിയുന്നവർക്കും അവരുടെ കൂട്ടിരിപ്പുകാർക്കും നൽകുന്നത‌്. അപൂർവം ദിവസങ്ങളിൽ ഭക്ഷണം നെയ‌്ച്ചോറും ചിക്കൻകറിയുമായിരിക്കും. കഴിഞ്ഞ മൂന്ന‌് വർഷവും മുടങ്ങാതെയാണ‌് പദ്ധതി പ്രവർത്തകർ മുന്നോട്ടു കൊണ്ടുപോയത‌്. സ്വന്തം കൈയിൽ നിന്നും കാശ‌് മുടക്കിയും സേവന തൽപരരായ വ്യക്തികളിൽനിന്നും സഹായം സ്വീകരിച്ചും കൊണ്ടാണ‌്  ഗോത്രസമൃദ്ധി  പ്രവർത്തകർ ലക്ഷ്യത്തിലെത്തിക്കുന്നത‌്. പഞ്ചായത്ത‌് വികസന സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ വി ഫൈസൽ ചെയർമാനും മനോജ‌് അമ്പാടി കൺവീനറായുമുള്ള കമ്മിറ്റിയാണ‌് ഗോത്രസമൃദ്ധിക്ക‌് മേൽനോട്ടം വഹിക്കുന്നത‌്. മേഖലാ കമ്മിറ്റി ഭാരവാഹികളായ എ സി അനു, ഷിന്റൊ വർഗീസ‌്, അനൂപ‌്, ആഗ്നസ‌്എന്നിവർ നേതൃത്വവും. പദ്ധതി മൂന്ന‌് വർഷം പിന്നിട്ടതിന്റെ ഭാഗമായി മുത്തങ്ങ മൈക്കരയിലെ ഗോത്രവർഗ യുവതി സീത കുടുംബാരോഗ്യ കേന്ദ്രം വളപ്പിൽ വൃക്ഷത്തൈ നട്ട‌് പ്രവർത്തകരുമായി ആഹ്ലാദം പങ്കുവച്ചു.
 
പ്രധാന വാർത്തകൾ
 Top