20 September Friday

സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി ഗ്രീന്‍ബെല്‍റ്റ് പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

 

കൽപ്പറ്റ
മുളളൻക്കൊല്ലി പുൽപ്പള്ളി സമഗ്ര വരൾച്ച ലഘൂകരണ പദ്ധതിയുടെ ഭാഗമായി കബനിനദീത്തീരത്ത് ഗ്രീൻബെൽറ്റ് സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് ബുധനാഴ‌്ച തുടക്കമാകും. നദീത്തീരത്ത് മൂന്ന് വരികളിലായി നാടൻ ഇനത്തിൽപ്പെട്ട വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ച് തുടർപരിപാലനം നടത്തി ഗ്രീൻബെൽറ്റ് സൃഷ്ടിക്കുന്ന തരത്തിലാണ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.  പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം രാവിലെ 10.30ന് മുളളൻക്കൊല്ലി മരക്കടവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിർവഹിക്കും. 
മുളളൻക്കൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളുടെ വരൾച്ചക്ക് പ്രധാനകാരണം കബനീനദീത്തീരത്തുളള വൃക്ഷങ്ങളുടെ ശോഷണവും, കർണ്ണാടകയിൽനിന്നുളള ചുടുക്കാറ്റിന്റെ പ്രവേശനവുമാണെന്ന് മണ്ണ് സംരക്ഷണ വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  16 കിലോമീറ്റർ നീളത്തിൽ കബനി നദിയുടെ അതിർത്തിയിലൂടെ പതിനായിരം വൃക്ഷെത്തെകൾ നട്ടുപിടിപ്പിക്കുന്നത്. വനം വകുപ്പിൽനിന്നും ഇതിനായി രണ്ട് വർഷം പ്രായമുളള കൂടത്തൈകൾ വാങ്ങിയിട്ടുണ്ട്. കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും കർഷക കൂട്ടായ്മകളെയും ഉൾപ്പെടുത്തിയാണ് പ്രവൃത്തികൾ നടപ്പിലാക്കുന്നത്. മൂന്ന് വർഷത്തെ പരിപാലത്തിനായി പ്രത്യേകം തുകയും വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജ് വിഹിതത്തിന് പുറമേ ജില്ലാ പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത്, മുളളൻക്കൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകൾ എന്നിവരുടെയും ഫണ്ടുകൾ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്.  വിവിധയിടങ്ങളിലായി 120 കാവുകളും  മുപ്പത് കിലോമീറ്റർ നീളത്തിൽ നീർച്ചാലുകളിൽ ഓടത്തൈകൾ വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തികളും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. മണ്ണിന്റെ ജൈവാംശം വർധിപ്പിക്കുന്നതിനുളള ജൈവവള നിർമാണ യൂണിറ്റുകളും ഉപരിതല ജലം സംഭരിക്കുന്നതിനുളള ചകിരി നിറച്ച കമ്പോസ്റ്റ് കുഴികളും മൺത്തടയണകളും നിർമിക്കുന്ന പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി യു ദാസ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top