കൽപ്പറ്റ
പ്ലസ് വൺ സീറ്റ് അലോട്ട്മെന്റിൽ മുഴുവൻ ആദിവാസി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭാ സ്റ്റേറ്റ് കോ–-ഓർഡിനേറ്റർ എം ഗീതാനന്ദൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒന്നും രണ്ടും അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ആയിരത്തോളം എസ്ടി വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചിട്ടില്ല. സപ്ലിമെന്ററി അലോട്ട്മെന്റിൽ ജില്ലയിലെ ആദിവാസി വിദ്യാർഥികൾക്കായി നീക്കിവച്ചിട്ടുള്ളത് 175 സീറ്റാണ്. ഹ്യുമാനിറ്റീസിൽ കൂടുതൽ ബാച്ചുകളും സീറ്റുകളും അനുവദിച്ച് ആദിവാസി വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കണം. സ്പോട്ട് അഡ്മിഷനിൽ പരമാവധി ആദിവാസി വിദ്യാർഥികൾക്ക് സീറ്റ് ഉറപ്പാക്കണം. സപ്ലിമെന്ററി അലോട്ട്മെന്റിൽ ആദിവാസ വിദ്യാർഥികൾക്കായി കൂടുതൽ സീറ്റുകൾ നീക്കിവച്ചിട്ടുള്ളത് ആദിവാസി വിദ്യാർഥികൾ അഡ്മിഷൻ തേടാത്ത ജില്ലകളിലും നഗരങ്ങളിലുമാണ്. ഈ സീറ്റുകൾ ഇതരവിഭാഗങ്ങൾക്ക് ലഭിക്കാനാണ് സാധ്യത. ഇത്തരം സീറ്റുകൾ കൈമാറ്റം ചെയ്യപ്പെടുന്നതിന് മുമ്പ് ആദിവാസികൾ കൂടുതലുള്ള വയനാട്, അട്ടപ്പാടി, കാസർകോട് മേഖലകളിലേക്ക് നൽകാൻ കളിയുമോയെന്ന് പരിശോധിക്കണം. ആദിവാസി വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കണമെന്നും ഗീതാനന്ദൻ ആവശ്യപ്പെട്ടു. ആദിവാസി ഫോറം പ്രതിനിധി ചന്തുണ്ണിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.