18 October Friday

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷം ജില്ലാതല ഉദ്ഘാടനം 21ന്; സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കൽപ്പറ്റ
സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ  അധ്യക്ഷതയിൽ കലക്ടറേറ്റിലെ എപിജെ ഹാളിൽ സംഘാടക സമിതി രൂപീകരിച്ചു.
 ജില്ലയിലെ പരിപാടികളുടെ മേൽനോട്ട ചുമതലയുള്ള മന്ത്രി കെ കെ ശൈലജ ചെയർപേഴ്‌സണും ജില്ലാ കലക്ടർ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജോയിന്റ് കൺവീനറുമാണ്. എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് രക്ഷാധികാരികൾ. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉപസമിതി അധ്യക്ഷരാണ്. 
ആയിരം ദിനാഘോഷം ജില്ലാതല ഉദ്ഘാടനം  21ന് രാവിലെ കൽപ്പറ്റയിൽ മന്ത്രി കെ കെ ശൈലജ  നിർവഹിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ എംഎൽഎമാരായ സി കെ ശശീന്ദ്രൻ, ഒ ആർ കേളു, എഡിഎം കെ അജീഷ്, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 
   കഴിഞ്ഞ മൂന്നു വർഷക്കാലം സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയെന്നതാണ് ആയിരം ദിനാഘോഷത്തിന്റെ ലക്ഷ്യമെന്നു മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ മിഷനുകളുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ ആഘോഷ പരിപാടികളിൽ വിലയിരുത്തപ്പെടും. ജനക്ഷേമം മുൻനിർത്തി സർക്കാർ നടപ്പാക്കുന്ന വിവിധ ക്യാമ്പയിനുകൾ തുടർന്നു കൊണ്ടുപോവുകയെന്നതും ലക്ഷ്യമാണെന്നു മന്ത്രി പറഞ്ഞു.   20 മുതൽ 27 വരെയാണ് ആഘോഷപരിപാടികൾ. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ ആഘോഷ പരിപാടികളാണ് നടത്തുക. 
ജില്ലാതലത്തിൽ വിവിധ വകുപ്പുകൾ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനം, കൃഷി, ആരോഗ്യം, ആദിവാസി വികസനം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മേൽനോട്ടത്തിൽ നിർമിച്ച ആയിരത്തോളം വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറും. ആരോഗ്യവകുപ്പിന് കീഴിൽ നിർമിച്ച വിവിധ ആരോഗ്യകേന്ദ്രങ്ങൾ, എക്സൈസ് വകുപ്പിന്റെ ലഹരിമോചന ചികിൽസാ കേന്ദ്രം, കൽപ്പറ്റ അമൃത്, സുഗന്ധഗിരിയിലെ വിവിധ വികസന പദ്ധതികൾ, വിവിധ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി നിർമിച്ച മൂന്നു കുടിവെള്ള പദ്ധതികൾ തുടങ്ങിയവ ഉദ്ഘാടനം ചെയ്യും. അഞ്ചു കോടി രൂപ മുതൽ മുടക്കുന്ന കർലാട് തടാകം പുനരുദ്ധാരണം, കൽപ്പറ്റ ടൗൺഹാൾ, യുനസ്‌കോയുടെ സഹായത്തിൽ നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ നിർമാണ പ്രവൃത്തിക്കും തുടക്കം കുറിക്കും. പണി പൂർത്തീകരിച്ച 10 സ്‌കൂൾ കെട്ടിടങ്ങളും പൂമല ബിഎഡ് സെന്ററിന്റെ പുതിയ കെട്ടിടവും സമയബന്ധിതമായി പൂർത്തീകരിച്ച വിവിധ റോഡുകളുടെയും ഉദ്ഘാടനം ഇക്കാലയളവിൽ നടത്തും. 
ആഘോഷ പരിപാടികളോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യുന്ന വിവിധ പദ്ധതികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
 
പ്രധാന വാർത്തകൾ
 Top