19 June Wednesday

ബത്തേരി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനത്തിനൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കൽപ്പറ്റ
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനായി നിർമിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം  25 ന് നടക്കും. 85 ലക്ഷം രൂപയാണ്  കെട്ടിടത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായി ചെലവിട്ടത്. 
 15 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഏകദേശം 900 രോഗികൾ ഡയാലിസിസിന് വിധേയരാവുന്നുണ്ടെന്നാണ് കണക്ക്. ജില്ലയിൽ  ഡയാലിസിസ് സൗകര്യം കുറവായതിനാൽ ചുരമിറങ്ങിയുള്ള യാത്രയും പണച്ചെലവും രോഗികളെ വലയ്ക്കുന്ന സാഹചര്യത്തിലാണ് എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപയുടെ പ്രൊജക്റ്റ് അനുവദിച്ചത്. നിലവിൽ 10 ഡയാലിസിസ് ബെഡ്ഡുകൾ മൂന്നു ഷിഫ്റ്റുകളിലായി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിപ്പിച്ചുവരുന്നു.
 രണ്ടു കിടക്കകൾ പോസിറ്റീവ് കേസുകൾക്കായി മാറ്റിവച്ചിരിക്കുകയാണ്.  സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി  കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ഡയാലിസിസ് സെന്റർ പ്രവർത്തനം പൂർണമായി ഇവിടേക്ക് മാറ്റും. 
ആരോഗ്യമേഖലയിൽ നിർമിച്ച മറ്റ് രണ്ട് കെട്ടിടങ്ങളും  ഉദ്ഘാടനത്തിനൊരുങ്ങിയിട്ടുണ്ട്. ചെതലയം ഹോമിയോ ആശുപത്രിക്കായി 25 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 21നു നടക്കും. 
എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി 1300 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ താൽക്കാലികമായി അത്യാഹിത വിഭാഗവും ഫാർമസിയും പ്രവർത്തിച്ചുവരുന്നുണ്ട്. കെട്ടിടോദ്ഘാടനത്തോടെ ഇതു പൂർണ തോതിൽ പ്രവർത്തനസജ്ജമാവും. 
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലവയൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഒന്നര കോടി ചെലവിൽ നിർമിച്ച കെട്ടിടവും ഉദ്ഘാടനം ചെയ്യും. 

 

പ്രധാന വാർത്തകൾ
 Top