17 September Tuesday

ഓടിത്തീരാതെ ഉത്രാടം

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

 

കൽപ്പറ്റ
പ്രളയം കടന്ന്‌ ഓണമെത്തിയപ്പോൾ  ഉത്രാടപ്പാച്ചിലിൽ നാടും നഗരവും അമർന്നു.  മഴവിട്ടുനിന്ന തിരുവോണത്തലേന്ന്‌  ആഘോഷം ആവേശത്തിലേക്ക്‌ കൊട്ടിക്കയറി. സർക്കാർ നാടെങ്ങും ഓണച്ചന്തകൾ തുറന്നതും ക്ഷേമപെൻഷനുകൾ വിതരണംചെയ്‌തതും ഓണപ്പൊലിമ വർധിപ്പിച്ചു. നഗരങ്ങളിൽ തിരക്കേറി.  വഴിയോരങ്ങളിലും കച്ചവടം പൊടിപൊടിച്ചു.  പൂ വിൽപ്പന സ്‌റ്റാളുകളിൽ ആളുകൾ നിറഞ്ഞൊഴുകി. കഴിഞ്ഞദിവസങ്ങളിൽ പൂവിപണി കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും പൂവിപണി  സജീവമായി. തുണിക്കടകളിലും ചെരുപ്പുകടകളിലും രാവിലെമുതൽ തിരക്കായിരുന്നു. പച്ചക്കറി വിൽപ്പനയും തകൃതിയായി. വലിയ ഷോറൂമുകളിലും സൂപ്പർമാർക്കറ്റുകളിലും  നിന്നുതിരിയാൻ ഇടമില്ലായിരുന്നു.  കൺസ്യൂമർ ഫെഡിന്റെയും സപ്ലൈകോയുടെയും ഓണച്ചന്തകളിൽ നീണ്ടനിരയായിരുന്നു. കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും ചന്തകളിലൂടെയും ന്യായവിലക്ക്‌ സാധനങ്ങൾ ലഭിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാരിന്റെ വിപണി ഇടപെടലുകൾ ഫലംകണ്ടു. കാലവർഷദുരിതങ്ങൾക്കിടയിലും ഓണം സമൃദ്ധമായി ആഘോഷിക്കാനായി.  പ്രധാന നഗരങ്ങളിലെല്ലാം  തെരുവുകച്ചവടക്കാർ നേട്ടം കൊയ്‌തു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു കൂടുതൽ. മാനന്തവാടിയിൽ തെരുവ്‌കച്ചവടത്തിന്‌ നഗരസഭ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. വൈകിട്ടോടെ തിരക്ക്‌ എല്ലാനിയന്ത്രണങ്ങളും ഭേദിച്ചു.  രാത്രി വൈകിയും ആളുകൾ സാധനങ്ങൾക്കായി ടൗണുകളിൽ നിറഞ്ഞു.
പ്രധാന വാർത്തകൾ
 Top