07 August Friday
സംസ്ഥാനത്താദ്യം

ജലബജറ്റ് പൈലറ്റ് പദ്ധതി മുട്ടിലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
മുട്ടിൽ
ഹരിത കേരളം മിഷൻ ജലബജറ്റിന്റെ  പൈലറ്റ് പദ്ധതി  മുട്ടിൽ പഞ്ചായത്തിൽ നടപ്പാക്കും. ഒരു പ്രദേശത്തെ ജലലഭ്യത, നിലവിലുള്ള ഉപയോഗം എന്നിവ കണ്ടെത്തി വിവേകപൂർവ്വമുള്ള ജലവിനിയോഗം ഉറപ്പാക്കുകയാണ് ജലബജറ്റിന്റെ ലക്ഷ്യം. ഓരോപ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും ഗാർഹികം, വ്യാവസായികം, കൃഷി, മൃഗസംരക്ഷണം തുടങ്ങി വിവിധ മേഖലകളിലെ ജലത്തിന്റെ  ആവശ്യകതയും കണക്കാക്കുകയാണ് ആദ്യം ചെയ്യുക. ആവശ്യത്തേക്കാൾ കുറവാണ് ജലലഭ്യതയെങ്കിൽ ലഭ്യത വർധിപ്പിക്കാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള നടപടികൾ ഉൾപ്പെടെ ശാസ്ത്രീയമായ അടിത്തറയോടുകൂടെയുള്ളള്ള ജനകീയ പ്രവർത്തനങ്ങളാണ് ലക്ഷ്യം.   സി ഡബ്ളിയുആർഡിഎം ഉൾപ്പടെ ഈ രംഗത്തെ വിദഗ്ധരെയും വകുപ്പ് മേധാവികളുടെയും ഉൾപ്പെടുത്തി സർക്കാർ രൂപീകരിച്ച കമ്മിറ്റി തയ്യാറാക്കിയ മാർഗരേഖ സംസ്ഥാനത്താകെ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പൈലറ്റ് പദ്ധതി. ജലസേചനവകുപ്പ് എൻജിനീയർ കൺവീനറായി ഹരിതകേരളമിഷൻ രൂപീകരിച്ച  സാങ്കേതിക സമിതിയാണ്  ജനകീയ പ്രവർത്തനം നടത്തുക. മാർഗ്ഗരേഖയുടെ അവസാനകരട് ചർച്ച മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്നു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി എൻ സീമ, സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ടി കെ ജോസ്, മുട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് പി ഭരതൻ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ ചർച്ചയിൽ പങ്കെടുത്തു. ഹരിത കേരളം മിഷനിലെ ജല ഉപമിഷൻ കൺസൾട്ടന്റ്‌ എബ്രഹാം കോശി പദ്ധതി വിശദീകരിച്ചു. സി ഡബ്ളിയുആർഡിഎം  സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് സി എം സുശാന്ത് സാങ്കേതിക വിവരണം നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top