25 August Sunday
- ചികിത്സ മയക്കുവെടിവച്ച‌്

ലോറിയിടിച്ച‌് പരിക്കേറ്റ കാട്ടാനക്ക‌് ചികിത്സ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

പരിക്കേറ്റ കാട്ടാന , കാട്ടാനയെ ചികിത്സിക്കാൻ പോകുന്ന ഡോക്ടർമാരും വനപാലകരും

ബത്തേരി

ദേശീയപാത 766ൽ മുത്തങ്ങക്ക‌് സമീപം പൊൻകുഴിയിൽ ചരക്കു ലോറിയിടിച്ച‌്  ഗുരുതര പരിക്കേറ്റ കാട്ടാനക്ക‌് വനംവകുപ്പ‌് ചികിത്സ നൽകി. വനപാതയിൽ  റോഡ‌് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തിലെ 30 വയസുള്ള പിടിയാനയെ ആണ‌് ചൊവ്വാഴ‌്ച രാത്രി എട്ടോടെ ചരക്കുലോറി ഇടിച്ചത‌്.  കഴുത്തിനും കാലുകൾക്കും ചുമലിലും വയറിനും ഗുരുതരമായി പരിക്കേറ്റ ആനയുടെ ഗർഭപാത്രവും പുറത്തായി. മൈസൂരുവിൽനിന്നും തിരുവനന്തപുരത്തേക്ക‌് സ‌്റ്റീൽറാഡ‌് കയറ്റി പോവുകയായിരുന്ന കെഎൽ 46 ആർ 146 നമ്പർ ലോറിയാണ‌് കാട്ടാനയെ ഇടിച്ചിട്ടത‌്. എതിരെ വന്ന കെഎസ‌്ആർടിസി ബസിന‌് സൈഡ‌് നൽകുന്നതിനിടെയാണ‌് ലോറി ആനയെ ഇടിച്ചത‌്.  ഡ്രൈവർ ബാലുശേരി എകരൂൽ സ്വദേശി ഷമീജിനെ (30) അപകടത്തിന‌് ശേഷം വനം വകുപ്പ‌് അറസ‌്റ്റ‌് ചെയ‌്തു.  ഗുരുതര പരിക്കേറ്റ ആന ഒരു മണിക്കൂറിന‌് ശേഷം എഴുന്നേറ്റ‌് മറ്റാനകൾക്കൊപ്പം ദേശീയപാതയിൽനിന്നും 200 മീറ്റർ വിട്ടുള്ള വനഭാഗത്തെ കൗണ്ടൻവയലിൽ നിലയുറപ്പിച്ചു. കുട്ടിയാനകൾ ഉൾപ്പെടെയുള്ള പതിനഞ്ചോളം ആനകൾ കൂട്ടത്തിൽ ഉണ്ടായിരുന്നു. ബുധനാഴ‌്ച രാവിലെ എട്ടോടെ വനം വകുപ്പ‌് സീനിയർ വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയ പരിക്കേറ്റ പിടിയാനയെ മയക്കു വെടിവച്ചതോടെയാണ‌് ചികിത്സക്ക‌് തുടക്കമായത‌്.

അമ്പത് മീറ്റർ മാത്രം അകലെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ കുങ്കിയാനകളായ കുഞ്ചു, ഉണ്ണികൃഷ്ണൻ, അഗസ്ത്യൻ എന്നിവയുടെ സഹായത്തോടെ വിരട്ടിയോടിച്ച ശേഷമാണ് മയങ്ങിയ ആനക്ക് ഡ്രിപ്പും മരുന്നും നൽകിയത്.ചികിത്സ നാല് മണിക്കൂറോളം നീണ്ടു. വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയുള്ള അസി. ഫോറസ്റ്റ് കൺസർവേറ്റർ അജിത് കെ രാമൻ, അസി.വൈൽഡ് ലൈഫ് വാർഡൻമാരായ വി അജയഘോഷ്, രമ്യ രാഘവൻ, സുനിൽകുമാർ, ആർ ആർ ടി റെയിഞ്ചർ ഇമ്പെയ്തലവി, ഫോറസ്റ്റർ പിഎം ബിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം ജെ രാധ, പി എ കുഞ്ഞുമോൻ, ഗൗരി, പ്രിയ എന്നിവർ അടങ്ങിയ മുപ്പതോളം വരുന്ന വനപാലകരാണ് ചികിത്സാ ദൗത്യത്തിൽ പങ്കെടുത്തത്. പരിക്ക് ഗുരുതരമായതിനാൽ ആനയുടെ നില ആശങ്കാജനകമാണെന്ന് വനപാലകർ പറഞ്ഞു. കാട്ടാനകൾ സ്ഥിരമായി നൂൽപ്പുഴയിൽനിന്നും വെള്ളം കുടിക്കാനും മടങ്ങി പോകാനും ഉപയോഗിക്കുന്ന ആനത്താരയിലാണ് അപകടം നടന്നത്. 

 
പ്രധാന വാർത്തകൾ
 Top