21 August Wednesday

നാഥനില്ലാ ടൂറിസം അവസാനിക്കുന്നു കുറുമ്പാലക്കോട്ടക്ക‌് കാവൽ

വി ജെ വർഗീസ‌്Updated: Monday Feb 11, 2019

 

 
കൽപ്പറ്റ
ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കേന്ദ്രമായി 10 മാസംകൊണ്ട‌് ഉയർന്ന കുറുമ്പാലക്കോട്ടയിലെ നാഥനില്ലാ ടൂറിസത്തിന‌് സർക്കാർ കടിഞ്ഞാടിന്നു.  കേന്ദ്രം  ഡിടിപിസിയുടെ കീഴിലാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. സ്ഥലത്തിന്റെ സർവേ പൂർത്തിയായി. കോട്ടത്തറ, അഞ്ചുകുന്ന‌് വില്ലേജുകളുടെ സംയുക്ത സ്ഥല പരിശോധന എൽഎ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ അടുത്തദിവസം നടക്കും.  ഡിടിപിസി  ഏറ്റെടുക്കുന്നതോടെ കുറുമ്പാലക്കോട്ടയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക‌് അറുതിയാവും. കോട്ടത്തറ, അഞ്ചുകുന്ന‌് വില്ലേജുകൾ അതിരിടുന്ന കുറുമ്പാലക്കോട്ട ഇന്ന‌് സഞ്ചാരികളുടെ  ഏറ്റവും ഇഷ്ടപ്പെട്ട വിനോദ സ ഞ്ചാരകേന്ദ്രമാണ‌്. പുലർച്ചെ മേഘങ്ങൾക്കിടയിലൂടെ വർണങ്ങൾ ചാലിച്ച‌ുവരുന്ന ഉദയ സൂര്യനും വൈകിട്ട‌് കടുംചുവപ്പണിഞ്ഞ‌് പോയ‌്മറയുന്ന അസ‌്തമയ സൂര്യനുമാണ‌്  കുറുമ്പാലക്കോട്ടയുടെ രാജാക്കന്മാർ. കുളിർക്കാറ്റും കോടമഞ്ഞും സൂര്യരാജന‌് അകമ്പടി സേവിക്കും. എത്രകണ്ടാലും മതിവരാത്ത ഈ കാഴ‌്ച്ചകാണാനാണ‌് ഇതര സംസ്ഥനങ്ങളിൽനിന്നടക്കം സഞ്ചാരികൾ ഇവിടേക്ക‌്  ഒഴുകുന്നത‌്. ഈ  കാഴ‌്ച്ചയിലേക്കെത്താൻ താണ്ടാനുള്ളത‌് ദുർഘടപാത മാത്രമല്ല, ഒരുപിടി സങ്കീർണ പ്രശ‌്നങ്ങൾക്കും പരിഹാരമാകണം. എങ്കിലെ  വരുനാളുകളിലും ഈ സൗന്ദര്യം വയനാടൻ ടൂറിസത്തിന‌് മുതൽക്കൂട്ടാവു. അല്ലെങ്കിൽ കുറുമ്പാലക്കോട്ടെയെന്ന വിനോദസഞ്ചാരകേന്ദ്രം ടൂറിസം ഭൂപടത്തിൽ ഇടപിടിക്കാതെ  കൊട്ടിയടക്കപ്പെടും. ഒരു നിയന്ത്രണവും ഇല്ലാതെ‌,  സമയവും കാലവും നോക്കാതെയെത്തുന്ന സഞ്ചാരികൾ പ്രദേശത്തെ ജീവിതചുറ്റുപാടുകളിലുണ്ടാക്കുന്ന അസ്വസ്ഥതകൾ കാണാതിരിക്കാനാവില്ല.  ആദിവാസി ഭൂമി കൈയേറിയുള്ള ടൂറിസം  പ്രോത്സാഹിപ്പിക്കാനാവില്ല. റവന്യുഭൂമി  ഇനിയും  സ്വകാര്യവ്യക്തികളുടെ സ്വത്താകാൻ പാടില്ല. ഇതിനെല്ലാം പരിഹാരമായാലേ കുറുമ്പാലക്കോട്ടയെന്ന വിനോദ സഞ്ചാരകേന്ദ്രം വികസിക്കു. 
ഏറ്റെടുക്കാൻ 
ഡിടിപിസി തയ്യാർ
കുറുമ്പാലക്കോട്ട ഏറ്റെടുക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തയ്യാറാണ‌്.  പക്ഷേ ടൂറിസം പദ്ധതിക്ക‌് ആവശ്യമായ സ്ഥലം ഏറ്റെടുത്ത‌് നൽകണം. കൃത്യമായ രേഖകളുണ്ടെങ്കിലേ വകുപ്പിന്റെ അംഗീകാരവും പദ്ധതിക്കാവശ്യമായ ഫണ്ടും ലഭിക്കു. ഡിടിപിസിയുടെ എക‌്സിക്യൂട്ടീവ‌് കമ്മിറ്റി കുറുമ്പാലക്കോട്ട ഏറ്റെടുക്കാൻ തീരുമാനിച്ചു. ജില്ലയിലെ എംഎൽഎമാർ ഉൾപ്പെടുന്നതാണ‌്  കമ്മിറ്റി. ഇവരുടെ നിർദേശത്തെ തുടർന്നാണ‌് കേന്ദ്രം ഡിടിപിസി ഏറ്റെടുക്കാൻ തീരുമാനിച്ചത‌്.  സ്ഥലവുമായി ബന്ധപ്പെട്ട കുരുക്കുകൾ അഴിയാൻ കാത്തിരിക്കുകയാണ‌്. സ്ഥലം കിട്ടിയാലുടൻ  പ്രൊജക്ട‌്  തയ്യാറാക്കി  സർക്കാരിന‌് നൽകും. എത്രയുംവേഗം അംഗീകാരം നേടിയെടുത്ത‌് പ്രവർത്തനങ്ങൾ തുടങ്ങും. എത്ര സ്ഥലം ലഭിക്കുമെന്നും എവിടെയാണ‌് ലഭിക്കുകയെന്ന‌ും അറിഞ്ഞാലെ പദ്ധതി തയ്യാറാക്കാൻ സാധിക്കുകയുള്ളുവെന്ന‌് ഡിടിപിസി സെക്രട്ടറി ബി ആനന്ദ‌് പറഞ്ഞു.
അർധരാത്രി മുതൽ സഞ്ചാരം
പുലർച്ചെ  മലമുകളിൽനിന്നും സൂര്യോദയം കാണാൻ അർധരാത്രി കഴയുമ്പോൾമുതൽ സഞ്ചാരികളെത്തും. മലമുകളിലേക്ക‌്  ആറ‌് വഴികളുണ്ട‌്. ഊട‌് വഴികൾ വേറെയും. എല്ലാവഴികളിലൂടെയും സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കമുള്ളവർ കയറിവരും.  ഒരടിസ്ഥാന സൗകര്യവും ഇല്ല.  മലയുടെ താഴ‌് വാരത്തും വശങ്ങളിലും വീടുകളും കൃഷിയിടങ്ങളുമാണ‌്. രാത്രിയിൽ ബുള്ളറ്റടക്കമുള്ളവയുടെ മുരൾച്ച ഇവർക്കുണ്ടാക്കുന്ന അലോസരവും ചെറുതല്ല.  മലങ്കര–-ഏച്ചോം റോഡിൽനിന്നുമുള്ള പ്രധാനവഴി തീർത്തും ദുർഘടപാതയാണ‌്. രണ്ട‌് കിലോമീറ്ററോളം വരുന്ന റോഡാണിത‌്. കുത്തനെയുള്ള റോഡിലെ സോളിങ് റോഡ‌് പൂർണമായും തകർന്നു. വാഹന പാർക്കിങ്ങിന‌് സ്വകാര്യ വ്യക്തികൾ സൗകര്യം ഒരുക്കിയിട്ടുണ്ട‌്. പണം നൽകി വാഹനങ്ങൾ പാർക്ക‌് ചെയ്യാം. സ്ഥലം ലീസിനെടുത്ത‌് പാർക്കിങ്ങിന‌് കൊടുത്തവരുമുണ്ട‌്. മലമുകളിൽ പതിനാറോളംപേർ കുടിൽകെട്ടി കച്ചവടം ചെയ്യുന്നുണ്ട‌്. ഇവരാണിപ്പോൾ കുറുമ്പാലക്കോട്ടയുടെ കാവൽക്കാർ. മലയിൽ ടെന്റ‌് അടിച്ച‌് സഞ്ചാരികൾ താമസിച്ചായിരുന്നു നേരത്തെ സൂര്യോദയം കണ്ടിരുന്നത‌്. ഇത‌് സംഘർഷത്തിന‌് വഴിമാറിയതോടെ ടെന്റ‌് അടിക്കൽ പൊലീസ‌് അവാനിപ്പിച്ചു.
ആഴ‌്ച്ചയിൽ എത്തുന്നത‌് പതിനഞ്ചായിരത്തോളംപേർ
ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ഇടമാണിന്ന‌് കുറുമ്പാലക്കോട്ട. ശനി, ഞായർ ദിവസങ്ങളിൽ രാവിലേയും വൈകിട്ടുമായി  പരിനായിരത്തോളംപേർ വരുന്നുണ്ടെന്ന‌് മലമുകളിൽ കച്ചവടംചെയ്യുന്ന ലാലച്ചൻ പറഞ്ഞു. മറ്റ‌ുദിവസങ്ങളിൽ ആയിരത്തിലധികം സഞ്ചാരികളുണ്ടാകും.  ഇതിന്റെ നേട്ടം സർക്കാരിനോ, ഡിടിപിസിക്കോ, തദ്ദേശസ്ഥാപനങ്ങൾക്കോ ഇല്ല. എന്നാൽ എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ ഉത്തരവദിത്വം സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഏറ്റെടുക്കേണ്ടി വരും. ഇത‌് മുന്നിൽ കണ്ടാണ‌് ജില്ലാധികൃതരും ടിഡിപിസിയും കേന്ദ്രം ഏറ്റെടുക്കാൻ ഒരുങ്ങുന്നത‌്. 
 
എത്രയും വേഗം  ഡിടിപിസിയെ ഏൽപ്പിക്കണം: 
സിപിഐ എം
സ്ഥലസർവേ പൂർത്തിയായ സാഹചര്യത്തിൽ കുറുമ്പാലക്കോട്ടയിലെ ടൂറിസം എത്രയുംവേഗം  ഡിടിപിസിയെ ഏൽപ്പിക്കണമെന്ന‌് സിപിഐ എം ഏച്ചോം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. 
കുത്തഴിഞ്ഞ വിനോദ സഞ്ചാരമാണിപ്പോൾ. ഇങ്ങനെ അധികനാൾ മുന്നോട്ട‌് പോകില്ല. കാര്യങ്ങൾ പൂർണമായും സർക്കാർ നിയന്ത്രണത്തിലാവണം. പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണം.  സഞ്ചാരികളെ ചൂഷണം ചെയ്യുന്ന സാഹചര്യവുമുണ്ട‌്. ഇതും അവസാനിപ്പിക്കണം.   നാടിന്റെ യശസ്സ‌് ഉയർത്തി പ്രകൃതിക്ക‌് ദോഷമില്ലാത്ത വിനോദസഞ്ചാര പദ്ധതി നടപ്പാക്കണമെന്നും ലോക്കൽ സെക്രട്ടറി ഷിജു എം ജോയി പ്രസ‌്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top