16 February Saturday
ആദിവാസി പെൺകുട്ടിക്ക‌് പീഡനം

പുറത്താകുന്നത‌് ജോർജിനെ രക്ഷപ്പെടുത്താനുള്ള കോൺഗ്രസ‌് ഗൂഡാലോചന

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019
 
മാനന്തവാടി
ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ ഐൻഎൻടിയുസി ജില്ലാ ട്രഷറർകൂടി പ്രതിയായതോടെ  പുറത്തായത‌് ആദിവാസി പീഡനം ഒതുക്കാൻശ്രമിച്ച കോൺഗ്രസിന്റെ മുഖം. ആദിവാസി ബാലികയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിയാകുന്ന ജില്ലയിലെ  രണ്ടാമത്തെ  കോൺഗ്രസ‌് നേതാവാണ‌് ഐൻഎൻടിയുസി ജില്ലാ ട്രഷററായ ഉമ്മർ കുണ്ടാട്ടിൽ. പീഡനക്കേസിൽ ഡിസിസി അംഗവും ബത്തേരി മുൻപഞ്ചായത്ത‌് പ്രസിഡന്റുമായ ഒ എം ജോർജ‌് റിമാൻഡിലാണ‌്. ജോർജിനെ രക്ഷപ്പെടുത്താൻ ഉമ്മർ പണം വാഗ‌്ദാനം ചെയ്യുകയും വഴങ്ങാതിരുന്നപ്പോൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നുമാണ‌് മുഖ്യമന്ത്രിക്ക‌് പെൺകുട്ടിയുടെ പിതാവ‌് നൽകിയ പരാതി. മുഖ്യമന്ത്രിക്ക‌് പരാതി നൽകി മണിക്കൂറുകൾക്കകം ഉമ്മറിനെതിരെ എസ‌്എംഎസ‌് കേസ‌് രജിസ‌്റ്റർ ചെയ‌്തു. ആദ്യഘട്ടത്തിൽ ഉമ്മറിനെതിരെ കേസ‌് എടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. പൊലീസിൽ ചിലർ ഉമ്മറിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത‌് ചൂണ്ടിക്കാട്ടിയാണ‌്   പെൺകുട്ടിയുടെ പിതാവ‌് മുഖ്യമന്ത്രിക്ക‌് പരാതി നൽകിയത‌്. മുഖ്യമന്ത്രി പരാതി ഉടൻ ഡിജിപിക്ക‌് കൈമാറുകയും ഡിജിപിയുടെ നിർദേശപ്രകാരം സ‌്പെഷ്യൽ മൊബൈൽ സ‌്ക്വാഡ‌് കേസ‌് എടുക്കുകയുമായിരുന്നു. ഉമ്മർ പെൺകുട്ടിയുടെ പിതാവിനെ പ്രാദേശിക കോൺഗ്രസ‌് നേതാവിന്റെ വീട്ടിലേക്ക‌് വിളിച്ചുവരുത്തിയാണ‌് സ്വാധീനിക്കാൻ ശ്രമിച്ചത‌്. എത്രപണംവേണമെങ്കിലും നൽകാമെന്നും പരാതി നൽകരുതെന്നും ആവശ്യപ്പെട്ടു. ഇതിന‌് വഴങ്ങാതിരുന്നപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട‌്. കേസിന്റെ അന്വേഷണം എസ‌്പി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ ഏൽപ്പിക്കണമെന്നും പിതാവ‌് പരാതിയിൽ ആവശ്യമുന്നയിച്ചിരുന്നു.
 ഉമ്മർ മോട്ടോർ തൊഴിലാളി യൂണിയന്റെ(ഐഎൻടിയുസി) ജില്ലാ ജനറൽ സെക്രട്ടറിയും പ്രവാസി കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റുംകൂടിയാണ‌്. ഇയാൾ  പെൺകുട്ടിയുടെ പിതാവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ഓഡിയോയും ഡിജിപിക്ക‌് നൽകിയിരുന്നു. പ്രതി ജോർജ‌് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നരവർഷത്തോളമാണ‌് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത‌്. പെൺകുട്ടിയോട‌് മൊബൈലിൽ ജോർജ‌് അശ്ലീല സംഭാഷണം നടത്തിയത‌് ഫോണിൽ റെക്കൊർഡ‌് ചെയ്യപ്പെട്ടിരുന്നു. ഈ ഫോൺ തന്ത്രപൂർവം തട്ടിയെടുക്കാനും ഉമ്മർ ശ്രമിച്ചു.
ജോർജിനെതിരെ കേസ‌് എടുത്തപ്പോൾ അദേഹത്തെ പാർടിയിൽനിന്നും സ‌സ‌്പെൻഡ‌് ചെയ‌്തതായി കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട‌് പറഞ്ഞിരുന്നു. എന്നാൽ ഇത‌് തട്ടിപ്പായിരുന്നെന്ന‌് പിന്നീട‌് വ്യക്തമായി. ജോർജ‌് ഇപ്പോഴും കോൺഗ്രസ‌് ഭരിക്കുന്ന ബത്തേരി അർബൻ ബാങ്കിന്റെ വൈസ‌് ചെയർമാനായി തുടരുകയാണ‌്.  സസ‌്പെൻഡ‌് ചെയ‌്തയാൾക്ക‌്  എങ്ങനെ ഈ പദവി തുടരാനാകുമെന്നാണ‌് ചോദ്യം. ജോർജിനെ രക്ഷപ്പെടുത്താൻ കൂടുതൽ കോൺഗ്രസ‌് നേതാക്കൾ ശ്രമിച്ചതിന്റെ തെളിവുകളാണിപ്പോൾ  ഐഎൻടിയുസി നേതാവിനെതിരെ കേസ‌് എടുത്തതോടെ പുറത്തുവരുന്നത‌്.
പ്രധാന വാർത്തകൾ
 Top