01 March Monday

സമരവള​ന്റിയർമാർക്ക്‌ ഉജ്വല യാത്രയയപ്പ്‌ കർഷകർ ഡൽഹിയിലേക്ക്‌

സ്വന്തം ലേഖകന്‍Updated: Monday Jan 11, 2021

 കൽപ്പറ്റ

കാർഷിക കരിനിയമങ്ങൾക്കെതിരെ ഡൽഹിയിൽ‌ കർഷകർ നടത്തുന്ന പോരാട്ടത്തിന്‌ ശക്തിപകരാൻ പോകുന്ന ജില്ലയിലെ കർഷക മക്കൾക്ക്‌  നാടിന്റെ ആവേശോജ്വല യാത്രയയപ്പ്‌. വയനാടിന്റെ കാർഷിക പൈതൃകവും കർഷകസംരക്ഷണ പോരാട്ടവും   ഉയർത്തി അന്നം തരുന്നവരുടെ പോരാട്ടങ്ങൾക്ക്‌ ഒപ്പം ചേരാനാണ്‌ കർഷക വളണ്ടിയർമാർ ഡൽഹിയിലേക്ക്‌ യാത്രതിരിക്കുന്നത്‌. 
ഒരു കാലത്ത്‌ കർഷക ആത്മഹത്യ തുടർക്കഥയായിയിരുന്ന നാട്ടിൽനിന്നും എണ്ണമറ്റ പോരാട്ടങ്ങളിലൂടെ കാർഷിക പ്രതിസന്ധി അതിജീവച്ചതിന്റെ അനുഭവകരുത്തിലാണ്‌ കർഷകർ ഡൽഹിയിലേക്ക്‌ എത്തുന്നത്‌.  കർഷകസംഘം ജില്ലാ ട്രഷറർ ടി ബി സുരേഷി‌ന്റെ നേതൃത്വത്തിലാണ്‌ കർഷകവളണ്ടിയർമാർ ഡൽഹിയിലേക്ക്‌ തിരിക്കുന്നത്‌. സി ജി പ്രത്യുഷ്‌, ശിവദാസൻ പടിഞ്ഞാറത്തറ, രാജേഷ്‌ ബത്തേരി, ടി എൻ ഷിജു, ജിജു പേര്യ, രവീന്ദ്രൻ കരണി എന്നിവരാണ്‌ സംഘത്തിലുള്ളത്‌. 
    കൽപ്പറ്റയിലെ കർഷക ഐക്യദാർഡ്യസത്യഗ്രഹ വേദിയിൽ വളണ്ടിയർമാരെ മാലയിട്ട്‌ സ്വീകരിച്ചു. തുടർന്ന്‌ ഉശിരൻ മുദ്രാവാക്യങ്ങളോടെ  വളണ്ടിയർമാരെ യാത്രയാക്കി.  11ന്‌ കണ്ണൂരിൽനിന്നും ഡൽഹിയിലേക്ക്‌  പുറപ്പെടുന്ന കേരളത്തിൽനിന്നുള്ള മറ്റ്‌ കർഷകർക്കൊപ്പം സംഘം 14ന്‌ ഷാജഹാൻപൂർ സമരകേന്ദ്രത്തിൽ എത്തും.  ജില്ലയിൽനിന്നുള്ള രണ്ടാം സംഘം 21ന്‌ യാത്രതിരിക്കും.  കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യതലസ്‌ഥാനത്ത്‌ ബദൽ പരേഡ്‌ നടത്തുമ്പോൾ നാടിനഭിമാനമായി വയനാട്ടിലെ കർഷകരും അണിനിരക്കും. യാത്രയയപ്പ്‌ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ ശശാങ്കൻ ഉദ്‌ഘാടനം ചെയ്‌തു. 
അമ്പിചിറയിൽ അധ്യക്ഷനായി. വളണ്ടിയർ ക്യാപ്‌റ്റൻ ടി ബി സുരേഷ്‌ സംസാരിച്ചു. ടി കെ ശ്രീജൻ സ്വാഗതം പറഞ്ഞു.
സത്യഗ്രഹം21‐ാം ദിനത്തിൽ
കൽപ്പറ്റ
കർഷകർ നടത്തുന്ന  പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായുള്ള സത്യഗ്രഹം 20 ദിനം പിന്നിടുമ്പോൾ കൂടുതൽ കരുത്താർജിക്കുന്നു. കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി നടത്തുന്ന സമരം വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കും. 
തിങ്കളാഴ്‌ച മുതൽ എല്ലാ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും ഐക്യദാർഢ്യ പ്രകടനം നടത്തും. 15ന്‌  പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ സത്യഗ്രഹവും നടക്കും. ഞായറാഴ്‌ച സത്യഗ്രഹം കോൺഗ്രസ്‌ എസ്‌ ജില്ലാ പ്രസിഡന്റ്‌ കെ പി ശശികുമാർ ഉദ്‌ഘാടനം ചെയ്തു. ടി ടി സ്‌കറിയ അധ്യക്ഷനായി. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ ശശാങ്കൻ, പി എ മുഹമ്മദ്‌, അഡ്വ. ഗീവർഗീസ്‌, ഡോ. അമ്പി ചിറയിൽ, ടി കെ ശ്രീജൻ, യു വേണുഗോപാൽ എന്നിവർ സംസാരിച്ചു. ജോസഫ്‌ മാത്യു സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top