23 January Wednesday

കേരള–-ഗുജറാത്ത‌് രഞ‌്ജി ക്വാർട്ടർ: കൃഷ‌്ണഗിരിക്ക‌് വീണ്ടും അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
കൽപ്പറ്റ
രഞ്ജി ട്രോഫിയിൽ നാടകീയ വിജയവുമായി കേരളം ക്വാർട്ടർ ഫൈനലിൽ എത്തിയപ്പോൾ മത്സരത്തിന‌് വേദിയൊരുക്കുന്നതിന്റെ  ആഹ്ലാദത്തിൽ കൃഷ‌്ണഗിരി ക്രിക്കറ്റ‌് സ‌്റ്റേഡിയം. മുൻവർഷങ്ങളിൽ കേരളത്തിന്റെ പ്രഥമികറൗണ്ട‌് മത്സരത്തിന‌് വേദിയൊരുക്കിയിരുന്നെങ്കിലും ഇതാദ്യമായാണ‌് 
രഞ‌്ജി ക്വാർട്ടർ മത്സരത്തിന‌്  കൃഷണഗിരിയിൽ അവസരം ഒരുങ്ങുന്നത‌്. 15 മുതൽ 19  വരെ നടക്കുന്ന മത്സരത്തിൽ ഗുജറാത്താണ‌്  കേരളത്തിന്റെ എതിരാളി. 
 ഹിമാചൽ പ്രദേശിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരളം തുടർച്ചയായ രണ്ടാം തവണയും ക്വാർട്ടറിലെത്തുന്നത‌്. കഴിഞ്ഞ തവണ ഗുജറാത്തിലായിരുന്നു മത്സരമെങ്കിൽ  ഹോം ഗ്രൗണ്ട‌് എന്ന നിലയിൽ  കേരളത്തിന‌് ലഭിച്ച വേദി ഇത്തവണ കൃഷണഗിരിക്ക‌് അനുവദിക്കുകയായിരുന്നു.   26 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ‌് കേരളം ക്വാർട്ടറിലെത്തുന്നത‌്. അഞ്ച‌് വർഷം മുമ്പ‌് ഉദ‌്ഘാടനം ചെയ‌്ത സ‌്റ്റേഡിയം ദക്ഷിണാഫ്രിക്ക എ–- ഇന്ത്യ എ അന്താരാഷ‌്ട്ര മത്സരം, സി കെ നായിഡു ട്രോഫി, കൂച്ച‌് ബിഹാർ ട്രോഫി എന്നിവയ‌്ക്കും  കേരളത്തിന്റെതടക്കം നിരവധി രഞ‌്ജിമത്സരങ്ങൾക്കും ഇതിനകം വേദിയായിട്ടുണ്ട‌്. ഏറ്റവും ഒടുവിലായി നവംബറിൽ  സിക്കിം–-പോണ്ടിച്ചേരി രഞ‌്ജി മത്സരത്തിനാണ‌്    കൃഷ‌്ണഗിരി ആതിഥ്യമരുളിയത‌്.  ഫെബ്രുവരിയിൽ ഇംഗ്ലണ്ട‌് ലയൺസ‌്–-ഇന്ത്യ എ മത്സരത്തിനും കൃഷ‌്ണഗിരി വേദിയായി പ്രഖ്യാപിച്ചിട്ടുണ്ട‌്. കൗമാരതാരങ്ങൾക്കും യുവതാരങ്ങൾക്കും വനിതാതാരങ്ങൾക്കും പ്രത്യേക പരിശീലന ക്യാമ്പുകളും കൃഷ‌്ണഗിരിയിൽ അരങ്ങേറാറുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top