24 October Thursday

കശ്‌മീർ: കപടദേശീയത തുറന്നുകാട്ടണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

"കശ്‌മീർ: ചോരയിൽ കുതിർന്ന ചരിത്രവർത്തമാനങ്ങൾ' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

കൽപ്പറ്റ
കശ്‌മീരിൽ നടക്കുന്ന  മനുഷ്യാവകാശലംഘനങ്ങൾ പ്രതിരോധിക്കാൻ  സംഘപരിവാറുകാരുടെ കപടദേശീയത കൂടുതൽ ശക്തമായി പുറത്തെത്തിക്കാൻ കഴിയണമെന്ന്‌ കശ്‌മീർ വിഷയത്തിൽ നടത്തിയ സെമിനാർ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ കാലത്ത്‌ കശ്‌മീരി ജനതക്ക്‌ ഇന്ത്യൻ ഭരണാധികാരികൾ നൽകിയ ഉറപ്പുകളുടെ ഏകപക്ഷീയമായ ലംഘനമാണ്‌ ഇപ്പോൾ നടക്കുന്നത്‌. എന്നാൽ കാപട്യം നിറഞ്ഞ തീവ്രദേശീയവാദം ഉയർത്തി  കാശ്‌മീരി ജനങ്ങളെ അടിച്ചമർത്തുകയാണ്‌. ഈ കപടദേശീയ തുറന്നുകാട്ടപ്പെടണം.  ഈ ദൗത്യത്തിന്‌ മതനിരപേക്ഷകക്ഷികൾ ഉറ്റുനോക്കുന്നത്‌ ഇടതുപക്ഷത്തെയാണെന്നും സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു. ടി എസ്‌ പഠനകേന്ദ്രമാണ്‌ "കശ്‌മീർ: ചോരയിൽ കുതിർന്ന ചരിത്രവർത്തമാനങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ നടത്തിയത്‌. കേളുവട്ടൻ പഠനഗവേഷണകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനം ചെയ്‌തു. ഇന്നത്തെ ഇന്ത്യ രൂപപ്പെടുന്നതിൽ രക്‌തം പോയിട്ട്‌ ഇന്ത്യക്കായി വാദിക്കാൻ ഒരു തുള്ളി ഉമിനീർ പോലും നൽകാത്ത സംഘടനയുണ്ടെങ്കിൽ അത്‌ സംഘപരിവാറാണെന്ന്‌ കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.   370–-ാം വകുപ്പ്‌ പിൻവലിക്കുന്നതിലൂടെ കശ്‌മീരിന്റെ സത്വവും സംരക്ഷണവും ഇല്ലാതാക്കുകയാണ്‌. ഇന്ത്യയുമായുള്ള കാശ്‌മീരിജനതയുടെ അവിഭാജ്യബന്ധത്തെ തകർക്കുകയാണ്‌ ബിജെപി സർക്കാർ. കശ്‌മിരിലെ പ്രത്യേകപദവി എടുത്തുകളയാൻ 370–-ാം വകുപ്പ്‌ പിൻവലിക്കുന്നവർ നാഗലാൻഡിന്‌ പ്രത്യേകപദവി നൽകുന്ന 371 എ വകുപ്പ്‌ തൊട്ടുകളിക്കുന്നില്ലെന്ന്‌ ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി എസ്‌ പഠനകേന്ദ്രം ചെയർമാൻ പി കെ സുരേഷ്‌ അധ്യക്ഷനായി. വേണു അമ്പലപ്പടി സംസാരിച്ചു. വേണു അമ്പലപ്പടിയുടെ  "കശ്‌മീർ പ്രശ്‌നം: ഒരു ചരിത്രാന്വേഷണം' എന്ന കൃതിയും  കശ്‌മീർ വിഷയത്തിലെ ലഘുലേഖയും  സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പ്രകാശനം ചെയ്‌തു. ഡോ. ജോസ്‌ ജോർജ്‌,  സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്‌ എന്നിവർ പുസ്‌തകങ്ങൾ ഏറ്റുവാങ്ങി. ടി എസ്‌ പഠനകേന്ദ്രം കൺവീനർ സി എസ്‌ ശ്രീജിത്‌ സ്വാഗതം പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top