29 May Friday

മീനങ്ങാടിയിൽ എഡ്യൂസ്കിൽ പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
മീനങ്ങാടി
‘ഒരുമയോടെ മികവിലേക്ക്’  ആശയത്തിന്റെ ഭാഗമായി മീനങ്ങാടി പഞ്ചായത്ത് കുട്ടികൾക്ക്‌ സംഘടിപ്പിക്കുന്ന  പഠനപരിശീലന പരിപാടിക്ക്‌ മീനങ്ങാടി ഗവ. എൽപി സ്കൂളിൽ തുടക്കമായി.  7, 8,9 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക്‌ പാഠ്യ–--പാഠ്യേതര മികവ് ഉറപ്പ് വരുത്തി ജീവിത വിജയം നേടാൻ പര്യാപ്തമാക്കുന്ന  നൂതന പദ്ധതിയാണ്  എഡ്യൂസ്കിൽ. 
40 കുട്ടികളാണ് തുടക്കത്തിൽ ഉള്ളത്. ക്ലാസുകളുടെ അടുത്ത ഘട്ടങ്ങളിൽ കൂടുതൽ കുട്ടികൾ എത്തും. കുട്ടികളുടെ  സർഗ്ഗവാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും മാർഗ്ഗനിർദേശങ്ങൾ നൽകുകയുമാണ്‌ ചെയ്യുക. വിവിധ വിഷയങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന പരിശീലകർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, മന:ശാസ്ത്ര വിദഗ്ദ്ധർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു സമഗ്ര പരിശീലന പദ്ധതിയാണ് നടപ്പാക്കുന്നത്‌.  
 സംസ്ഥാനത്തിന് പുറത്തുള്ള അധ്യാപകരെ ഉൾപ്പെടുത്തി സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസും നടത്തും. സംരഭകത്വ പരിശീലനം, ശാസ്ത്ര പരീക്ഷണങ്ങൾ, പ്രാദേശിക ചരിത്ര ബോധം, പത്രമാധ്യമ പഠനം, നിയമപരിജ്ഞാനം,  വിവിധ ഭാഷാ സ്കിൽസ് , കമ്യൂണിക്കേഷൻ സ്കിൽ, പൊതുവിജ്ഞാനം, കൗമാര വിദ്യഭ്യാസം, ആരോഗ്യ ശീലങ്ങൾ, ഹാന്റി ക്രാഫ്റ്റ് തുടങ്ങി 36 വിഷയങ്ങളാണ് പദ്ധതിയിലുള്ളത്‌. 
 വൈദഗ്ദ്ധ്യം തെളിയിച്ച വ്യക്തികളെ ഉൾപ്പെടുത്തി കൺസോർഷ്യവും രൂപീകരിച്ചിട്ടുണ്ട്.  ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഷൈനി ജോർജ് അധ്യക്ഷയായി. ഷീജ പീറ്റർ, മേഴ്സി,  ജോർജ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top