12 August Wednesday
വിജിലൻസ്‌ അന്വേഷണത്തിന്‌ ബലം പകർന്ന്‌ ഓഡിറ്റ്‌ റിപ്പോർട്ട്‌

തൊണ്ടർനാട്‌ പക്കേജ്‌: തുടക്കം മുതൽ അഴിമതി

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020
സ്വന്തം ലേഖകൻ
മാനന്തവാടി
മവോയിസ്‌റ്റ്‌ ഭീഷണിയുടെ പേരിൽ കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തിൽ തൊണ്ടർനാട്‌ പഞ്ചായത്തിൽ നടപ്പാക്കിയ  പദ്ധതികളുടെ തുടക്കം മുതൽ അഴിമതി. 2015–-16 വർഷത്തെ ഓഡിറ്റ്‌ റിപ്പോർട്ടിൽതന്നെ നിരവധി അഴിമതികളാണ്‌ അക്കമിട്ട്‌ നിരത്തിയത്‌. അഴിമതികൾ സംബന്ധിച്ച്‌ ഇപ്പോൾ നടത്തുന്ന വിജിലൻസ്‌ അന്വേഷണത്തിന്‌ ബലം പകരുന്നതാണ്‌  ഓഡിറ്റ്‌ റിപ്പോർട്ട്‌. 
അഞ്ച്‌ കോടി അനുവദിച്ച പദ്ധതിയുടെ ഡിപിആർ(ഡീറ്റെയിൽഡ്‌ പ്രൊജക്ട്‌ റിപ്പോർട്ട്‌) തയ്യാറാക്കുന്നത്‌ മുതൽ ക്രമക്കേടുകൾ നടന്നതായി 2015–-16 വർഷത്തെ ഓഡിറ്റ്‌ റിപ്പോർട്ടിലുണ്ടായിരുന്നു‌. യുഡിഎഫ്‌ നേതൃത്വത്തിലുണ്ടായിരുന്ന മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്താണ്‌ പദ്ധതികൾ നടപ്പാക്കിയത്‌. 
അന്നത്തെ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയേയും പദ്ധതിയുടെ കരാറുകാരനേയും പ്രതികളാക്കിയാണ്‌ നിലവിൽ വിജിലൻസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. കൂടുതൽ പേർ പ്രതികളായേക്കും.
ഓഡിറ്റ്‌ പരിശോധനകൾക്ക്‌ പദ്ധതിയുടെ രേഖകൾപോലും‌ നൽകിയില്ല. ഡിപിആർ തയ്യാറാക്കിയ ഏജൻസിയുടെ സെക്രട്ടറി തന്നെ‌  പദ്ധതി നിർവഹണം നടത്തിയതിനും പണം കൈപ്പറ്റി. കരിയർ ഗൈഡൻസ്‌ പരിശീലനം, കൂൺ കൃഷി പരിശീലനം, തേനീച്ച വളർത്തൽ പരിശീലനം, ടൈലറിങ് എംബ്രോയഡറി പരിശീലനം,  തയ്യൽ യൂണിറ്റ്‌ സ്ഥാപിക്കൽ എന്നിവയിലെയെല്ലാം ക്രമക്കേടുകൾ  ഓഡിറ്റിൽ കണ്ടെത്തി. 
തയ്യൽ പഠിക്കാൻ വന്നവർക്കുള്ള‌ യാത്രപ്പടി, പരശീലകക്ക്‌‌ നൽകിയ വേതനം, ഇവർക്കുള്ള ഭക്ഷണം ഇവയിൽ വലിയ തുക വെട്ടിച്ചതായി വ്യക്തികളുടെ മൊഴികൾ സഹിതം ഓഡിറ്റ്‌ റിപ്പോർട്ടിലുണ്ടായിരുന്നു. 
പശുക്കളെ നൽകിയതിലും കാർഷിക ഉപകരങ്ങൾ വിതരം ചെയ്‌തതിലും ക്രമക്കേടുകൾ കണ്ടെത്തി. ഡിപിആർ പ്രകാരം രണ്ട്‌ പശുക്കൾ വീതമുള്ള 16 യൂണിറ്റുകളാണ്‌ ഉണ്ടായിരുന്നത്‌. പശുവൊന്നിന്‌ 60,000 രൂപയും തൊഴുത്തിന്‌ 50000 രൂപയും ഉൾപ്പെടെ 1,70,000 രൂപയാണ്‌ വകയിരുത്തിയിരുന്നത്‌.  
എന്നാൽ ഒരുപശുവിനെ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ നൽകിയത്‌. പശുക്കളെ ഇൻഷൂർ ചെയ്‌തതുമില്ല. നിർമാണ പ്രവൃത്തികളിലെ ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചിരുന്നു. 
 2015 ജനുവരിയിൽ ആണ്‌ പദ്ധതിക്ക്‌ സർക്കാർ അനുമതി നൽകിയത്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയെ നിർവഹണ ഉദ്യോഗസ്ഥനാക്കി  അഞ്ച്‌ കോടി രൂപ ഗ്രാമീൺ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നൽകുകയും ചെയ്‌തു. ആദ്യത്തെ ഒരുവർഷം വിനിയോഗിച്ച തുകയിൽതന്നെ 10147073 രൂപയുടെ ക്രമക്കേടുകൾ ആദ്യ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top