അമ്പലവയൽ
മാലിന്യം ചാക്കുകളിലാക്കി പൊതുസ്ഥലത്ത് തള്ളുന്നവർക്കെതിരെ കർശന നടപടികളുമായി അമ്പലവയൽ പഞ്ചായത്ത്. വഴിയോരത്ത് മാലിന്യം തള്ളിയവർക്കെതിരെ പിഴയടപ്പിക്കൽ ഉൾപ്പെടെയുള്ള നിയമനടപടികളെടുത്തു. കൽപ്പറ്റ, നെല്ലാറച്ചാൽ, കാരാപ്പുഴ ജലസംഭരണി പ്രദേശത്ത് കൽപ്പറ്റയിലെ ജാം ജും ഹൈപ്പർ മാർക്കറ്റ് നാൽപ്പതോളം ചാക്ക് മാലിന്യം തള്ളിയതായി കണ്ടെത്തി. ഹൈപ്പർ മാർക്കറ്റിനും മാലിന്യം കൊണ്ടുവന്ന വാഹനത്തിനും പഞ്ചായത്ത് 25,000 രൂപ വീതം പിഴയിട്ടു. ചീഞ്ഞളിഞ്ഞ് അതീവ ദുർഗന്ധം വമിക്കുന്ന മാലിന്യം ആറിന് രാത്രിയിലാണ് പ്രദേശത്ത് തള്ളിയത്. ധാരാളമാളുകൾ ഉപയോഗിക്കുന്ന ജലാശയത്തിനു സമീപം മാലിന്യം തള്ളിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഏഴിന് നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിന്റെ ബില്ലുകൾ കണ്ടെത്തിയത്. പിന്നീട് സ്ഥാപന അധികൃതരെ വിളിച്ച് മാലിന്യം തിരികെ എടുപ്പിച്ചു. മാലിന്യം തള്ളിയ സ്ഥാപനത്തിന്റെ പ്രതിനിധികൾ സ്ഥലത്തെത്തിയപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. അമ്പലവയൽ എസ് ഐ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആളുകളെ നിയന്ത്രിച്ചത്.
ആറാട്ടുപാറയിൽ മാലിന്യം തള്ളിയ മീനങ്ങാടിയിലെ പത്തായം ബേക്കറി ആൻഡ് കോഫി ഹൗസിന് 10,000 രൂപയും പിഴയിട്ടു. മട്ടപ്പാറ ഭാഗത്ത് മാലിന്യം തള്ളിയവരെയും കണ്ടെത്തി പിഴ ഈടാക്കിയിരുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ രാജേഷ്‌കുമാർ, എം ഉണ്ണിക്കണ്ണൻ, ജൂനിയർ സൂപ്രണ്ട് കെ ജി ബിജു, അക്കൗണ്ടന്റ് കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്‌സത്ത്, വൈസ് പ്രസിഡന്റ് കെ ഷമീർ, സ്ഥിരംസമിതി അധ്യക്ഷരായ ജെ സി ജോർജ്, ടി ബി സെനു, അംഗങ്ങളായ ഷൈനി ഉതുപ്പ്, കെ ആമിന എന്നിവർ തുടർനടപടികൾക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..