കൽപ്പറ്റ
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ രണ്ടാംഘട്ട പട്ടയമേള തിങ്കളാഴ്‌ച. രാവിലെ 10ന് കൽപ്പറ്റ തിരുഹൃദയ ദേവാലയ ജൂബിലി ഹാളിൽ മന്ത്രി കെ രാജൻ പട്ടയ വിതരണോദ്‌ഘാടനം നിർവഹിക്കും. 803 പേർക്ക് ഭൂമിയുടെ രേഖ നൽകും. 695 പട്ടയങ്ങളും 108 വനാവകാശ രേഖകളുമാണ് നൽകുക. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ജില്ലയിൽ നടത്തുന്ന നാലാമത്തെ പട്ടയമേളയാണിത്. കഴിഞ്ഞ മൂന്ന് മേളകളിലായി 3181 പട്ടയങ്ങൾ വിതരണംചെയ്തു. ഇപ്പോഴത്തേത്
കൂടിയാകുമ്പോൾ 3989 പേർക്ക് രേഖകളാകും. ഒരു സർക്കാരിന്റെ കാലത്ത് ഇത്രയധികംപേർക്ക് ജില്ലയിൽ പട്ടയം ലഭിക്കുന്നത് ആദ്യമാണ്.
സർക്കാരിന്റെ ആദ്യ നൂറ് ദിനത്തിൽ 412 പട്ടയങ്ങളും രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി 1566 പട്ടയങ്ങളും രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായി മാനന്തവാടിയിൽ നടത്തിയ ഒന്നാം ഘട്ട പട്ടയമേളയിൽ 1203 പട്ടയങ്ങളും വിതരണംചെയ്‌തിരുന്നു.
തിങ്കളാഴ്‌ചത്തെ പട്ടയമേളയുടെ ചടങ്ങിൽ സബ് കലക്ടറുടെ പുതിയ ക്യാമ്പ് ഓഫീസ്, കലക്ടറേറ്റിലെ ഐപി ബേസ്ഡ് ഇന്റർകോം, നെറ്റ്‌വർക്ക് നവീകരണം, കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിലെ പുതിയ ഹൈബ്രിഡ് വീഡിയോ കോൺഫറൻസിങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും. ടി സിദ്ദിഖ് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ച് വില്ലേജ് ഓഫീസുകളിൽ കംപ്യൂട്ടർ, പ്രിന്റർ, സ്‌കാനർ എന്നിവ അനുവദിച്ചതിന്റെയും പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. ചടങ്ങിൽ ടി സിദ്ദീഖ് എംഎൽഎ അധ്യക്ഷനാകും. എംഎൽഎമാരായ ഒ ആർ കേളു, ഐ സി ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..