07 February Tuesday
അഴിമതിക്കും ദുർഭരണത്തിനുമെതിരെ

22ന്‌ നൂൽപ്പുഴ പഞ്ചായത്തോഫീസിലേക്ക്‌ സിപിഐ എം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022
 
ബത്തേരി
നൂൽപ്പുഴ പഞ്ചായത്ത്‌ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ 22ന്‌ സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്തോഫീസിലേക്ക്‌ ബഹുജനമാർച്ച്‌ നടത്തുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫ്‌ ഭരണസമിതിയുടെ പിടിപ്പുകേടും അനാസ്ഥയും കാരണം പഞ്ചായത്തിൽ അനുവദിക്കപ്പെട്ട സർക്കാർ സ്ഥാപനങ്ങളിൽ പലതും നഷ്ടമാവുന്ന അവസ്ഥയാണ്‌. രണ്ട്‌ ആരോഗ്യ ഉപകേന്ദ്രങ്ങൾ അനുവദിക്കപ്പെട്ടിട്ട്‌ ആറുമാസം പിന്നിട്ടിട്ടും സ്ഥലം കണ്ടെത്തി നൽകുന്നതിന്‌ പോലും കഴിഞ്ഞില്ല. സബ്‌ സെന്ററിനായി അനുവദിച്ച 50 ലക്ഷം അഞ്ചുമാസമായി പഞ്ചായത്തിന്റെ അക്കൗണ്ടിലുണ്ട്‌. സ്‌റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിനും ഉത്തരവായിട്ടുണ്ട്‌.  ആരോഗ്യ ഉപകേന്ദ്രത്തിന്‌ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകിയില്ലെങ്കിൽ അനുവദിക്കപ്പെട്ട ഫണ്ട്‌ നഷ്ടമാവുകയും മറ്റ്‌ പഞ്ചായത്തുകളിലേക്ക്‌ ഉപകേന്ദ്രങ്ങൾ മാറ്റാനും സാധ്യതയേറി. 
നിരപ്പം കുടുംബാരോഗ്യ കേന്ദ്രത്തിന്‌ സ്‌റ്റാഫ്‌ ക്വാർട്ടേഴ്‌സ്‌ നിർമിക്കാൻ ഒന്നരക്കോടിയോളം തുക സംസ്ഥാന സർക്കാർ അനുവദിച്ചിട്ട്‌ മാസങ്ങളായെങ്കിലും പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള അനുമതി പഞ്ചായത്ത്‌ നൽകിയിട്ടില്ല. കല്ലൂർ അറുപത്തിയേഴിൽ ക്ഷീരകർഷകരെ സഹായിക്കാനെന്ന പേരിൽ 40 ലക്ഷം മുടക്കി സ്ഥാപിച്ച ചാണകം ഉണക്കൽ യന്ത്രം പ്രവർത്തിപ്പിക്കാനാവാതെ തുരുമ്പെടുത്ത്‌ നശിക്കുന്നു. യന്ത്രം നന്നാക്കുന്നതിനുള്ള ഇടപെടൽ ഭരണസമിതിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാവുന്നില്ല. ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം ഇടപാടുകളിലെ കമീഷനുകൾ വാങ്ങുകയെന്നതാണ്‌. എൽഡിഎഫ്‌ ഭരണസമിതിയുടെ കാലത്ത്‌ വാങ്ങിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇലക്‌ട്രിക്‌ ഓട്ടോറിക്ഷ ബാറ്ററി തകരാറിനെ തുടർന്ന്‌ ഓടാതായിട്ട്‌ മാസങ്ങളായി. പലയിടത്തും മാസങ്ങളായി തെരുവുവിളക്കുൾ കത്തുന്നില്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള ഗ്രാമീണറോഡുകളിൽ പലതും തകർന്ന്‌ ഗതാഗതയോഗ്യമല്ലാതായിട്ടും നന്നാക്കാൻ നടപടിയില്ല. വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തി ആനുകൂല്യം നൽകുന്നതിലും പക്ഷപാതപരമായാണ്‌ ഭരണസമിതി പ്രവർത്തിക്കുന്നത്‌. ജനറൽ വിഭാഗത്തിലെ സർക്കാർ ജീവനക്കാർക്ക്‌ ഉൾപ്പെടെ ബിപിഎൽ ആനുകൂല്യം നൽകിയത്‌ പരാതിക്കിടയാക്കി. ഭരണസമിയിലെ ബിജെപി അംഗവും അഴിമതിക്കും കൊള്ളരുതായ്‌മകൾക്കും കൂട്ടുനിൽക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. 
നൂൽപ്പുഴ, മൂലങ്കാവ്‌ ലോക്കൽ കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ നടക്കുന്ന പഞ്ചായത്തോഫീസ്‌ മാർച്ച്‌ രാവിലെ 10ന്‌ നായ്‌ക്കട്ടി ടൗണിൽനിന്ന്‌ തുടങ്ങും. മാർച്ചിന്റെ പ്രചാരണാർഥം 19, 20 തീയതികളിൽ വാഹന ജാഥ നടത്തും. ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌, കെ എൻ എബി, മനോജ്‌ അമ്പാടി, സി എൻ രവി, ബി കെ അഗ്നസ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top